കത്തി കൈവശം വെച്ചെന്ന് തെറ്റിദ്ധരിച്ച് ആഫ്രിക്കൻ വംശജനെ വെടിവെച്ച് പൊലീസ്; താഴെ വീണത് പേന, ദാരുണാന്ത്യം
കോളിന്റെ കയ്യിലുണ്ടായിരുന്ന മാർക്കർ പേന കത്തിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവയ്ക്കുകയായിരുന്നു
ഡെൻവർ: കത്തി കൈവശം വെച്ചെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവെച്ച 36കാരന് ദാരുണാന്ത്യം. യുഎസിലെ കൊളറാഡോയിൽ ഡെൻവർ സ്വദേശിയായ ആഫ്രിക്കൻ വംശജൻ ബ്രാൻഡൺ കോൾ ആണ് കൊല്ലപ്പെട്ടത്. കോളിന്റെ കയ്യിലുണ്ടായിരുന്ന മാർക്കർ പേന കത്തിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവയ്ക്കുകയായിരുന്നു.
ഡെൻവർ പൊലീസ് സ്‌റ്റേഷന് സമീപം ആഗസ്റ്റ് 5നാണ് സംഭവം നടക്കുന്നത്. കോളിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗാർഹികപീഡന പരാതിയിൽ അന്വേഷണം നടത്താൻ കോളിന്റെ താമസസ്ഥലത്തെത്തിയതാണെന്നാണ് പൊലീസിന്റെ വാദം.
കോളിനെ പൊലീസ് ചോദ്യം ചെയ്യുന്ന സമയം തന്റെ ഭർത്താവിന് നേരെ തോക്കുചൂണ്ടരുതെന്ന് പൊലീസിനോട് കോളിന്റെ ഭാര്യ പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. നമുക്ക് പോകാം എന്ന് കോൾ പറയുകയും ഒരു പൊലീസുദ്യോഗസ്ഥൻ ഇയാളെ പിടിച്ചുകൊണ്ടു പോകുന്നതും വീഡിയോയിലുണ്ട്. ഈ സമയം പൊലീസ് കോളിനെ മർദിക്കുന്നുമുണ്ട്.
പൊലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയ കോൾ പിന്നീട് നെഞ്ചിൽ കൈവെച്ച് ഓടുന്നതായാണ് വീഡിയോയിൽ ഉള്ളത്. തുടർന്ന് പൊലീസ് വെടിയുതിർക്കുകയും താഴെ വീണ കോളിന്റെ അടുത്ത് നിന്ന് പേന ഉതിർന്നു വീഴുകയുമായിരുന്നു.
സംഭവത്തെ വൻ ദുരന്തം എന്നാണ് ഡെൻവർ പൊലീസ് വിശേഷിപ്പിച്ചത്. എന്നാൽ കുറ്റമേറ്റെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കുമെന്നും ഡെൻവർ പൊലീസ് ചീഫ് റോൺ തോമസ് പറഞ്ഞു.