പറക്കാനൊരുങ്ങുന്ന വിമാനച്ചിറകിലിരുന്ന് യുവാക്കള്‍; അഫ്ഗാനില്‍ നിന്ന് നടുക്കുന്ന വീഡിയോ
വിമാനത്തിന്‍റെ ചിറകുകളിൽ അള്ളിപ്പിടിച്ചുകിടന്നവർ പറന്നുയർന്ന ഉടൻ താഴേക്കു വീണ സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാബൂള്‍ നഗരത്തിന്‍റെ അധികാരം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാൻ ജനം തിരക്കുകൂട്ടുന്നതിന്‍റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു. വിമാനത്തിൽനിന്ന് വീണ് നിരവധി പേർ മരിച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിനിടെയാണ് റൺവേയിലൂടെ അതിവേഗം പറന്നുയരാനൊരുങ്ങുന്ന വിമാനത്തിന്റെ ചിറകിലിരുന്ന് യാത്ര ചോദിക്കുന്ന യുവാക്കളുടെ വീഡിയോ നടുക്കം സൃഷ്ടിക്കുന്നത്.
വിമാനത്തിന്‍റെ ചിറകിലിരുന്ന് ഒരു യുവാവ് പകര്‍ത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. വിമാനത്തിൽ കയറാൻ കഴിയാതെ നിൽക്കുന്ന ജനക്കൂട്ടത്തെ നോക്കി കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഇത് ഏതുവിമാനമാണെന്നോ, വീഡിയോയിലുള്ള യുവാക്കളുടെ ജീവന് ആപത്ത് സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.
Globemaster C-13 Taxi from #Kabul #Afganistan pic.twitter.com/INHar5wSIJ
— Abhishek Saxena (@tagabhishek) August 17, 2021
വിമാനത്തിന്‍റെ ചിറകുകളിൽ അള്ളിപ്പിടിച്ചുകിടന്നവർ പറന്നുയർന്ന ഉടൻ താഴേക്കു വീണ സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഹാമിദ് കർസായി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യു.എസ് വിമാനത്തിന്‍റെ ലാന്‍റിങ് ഗിയറിനോടു ചേർന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യു.എസ് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച സർവീസ് നടത്തിയ സൈനിക വിമാനത്തിലാണ് ഹൃദയം നുറുക്കുന്ന കാഴ്ച.
വിമാനം ഇറങ്ങിയ ഉടൻ ആളുകൾ തള്ളിക്കയറി, അതിനാല്‍ അതിവേഗം തിരിച്ചുപറക്കുകയായിരുന്നുവെന്നും പരിശോധനക്ക് കഴിഞ്ഞില്ലെന്നുമാണ് വ്യോമസേനയുടെ വിശദീകരണം. താലിബാൻ ഭരണത്തിൽനിന്ന് രക്ഷപ്പെടാൻ വിമാനത്തിന്‍റെ ലാൻറിങ് ഗിയറിൽ കയറിക്കൂടിയതാകാം ഇവരെന്നാണ് നിഗമനം. അമേരിക്കൻ സൈനിക വിമാനങ്ങൾ ഇതുവരെയായി 3,200 ഓളം പേരെ ഒഴിപ്പിച്ചതായാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച രാത്രി സി-17 വിമാനം ഇരട്ടിയിലേറെ പേരുമായായിരുന്നു തിരിച്ചു പറന്നത്.