Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിൽ നിർണായക ചുമതല വഹിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ വിവേക് രാമസ്വാമി.
പുതുതായി രൂപീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്) ചുമതലയാണ് വിവേക് രാമസ്വാമിക്ക് ട്രംപ് നൽകിയിരിക്കുന്നത്. അതിനിടെയാണ് വിവേക് രാമസ്വാമിയുടെ ഹൈസ്‌കൂൾ ബിരുദദാന പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായത്.
കഴിഞ്ഞ ദിവസമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി വിഭാഗത്തെ വിവേക് രാമസ്വാമിയും ശതകോടീശ്വരൻ എലോൺ മസ്‌കും ചേർന്ന് നയിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
എലോൺ മസ്‌കുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ബിരുദദാന പ്രസംഗം വൈറലായത്. 2003ൽ ആയിരുന്നു പ്രസംഗം പുറത്തിറങ്ങിയത്.
തന്റെ ഹൈസ്കൂൾ പഠനകാലത്തിലൂടെയുള്ള യാത്രയെക്കുറിച്ചാണ് വിവേക് രാമസ്വാമി പ്രസംഗത്തിൽ പറയുന്നത്. 'ഞാൻ എന്റെ ഹൈസ്കൂൾ കരിയർ മുഴുവൻ ഓടുകയായിരുന്നു. എന്നാൽ ഒടുവിൽ ഫിനിഷിംഗ് ലൈൻ കടക്കുമ്പോൾ ആ ഓട്ടം കുറച്ച് നേരത്തെ നിർത്താമായിരുന്നുവെന്ന് തോന്നിയിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
'എല്ലാ ഘട്ടത്തിലും മുന്നോട്ടുപോയത് ഭാഗ്യത്തിന്റെ അകമ്പടിയിലൂടെയായിരുന്നില്ല. കഠിനാധ്വാനമുണ്ടായിരുന്നു. ഒപ്പം ദൈവവിശ്വാസവും അദ്ദേഹം പറഞ്ഞു. രാത്രി വൈകിയുള്ള പഠന സെഷനുകൾ മുതൽ ഉച്ചഭക്ഷണ മുറിയിലെ അർത്ഥവത്തായ സംഭാഷണങ്ങളും അവ നൽകിയ അനുഭവ മൂല്യങ്ങളുമൊക്കെ മുന്നോട്ടുളള പോക്കിന് ഗുണകരമായെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1970കളിൽ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ. 2003ലാണ് അദ്ദേഹം ബിരുദം നേടുന്നത്.