ബ്രിട്ടന്റെ വിദ്യാഭ്യാസ മേഖലയുടെ തലപ്പത്തേക്ക് ഹമീദ് പട്ടേൽ; ഓഫ്സ്റ്റഡിന്റെ താത്കാലിക ചെയർമാനായി നിയമനം

ബ്രിട്ടനെ ഇസ്‌ലാമികവത്കരിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് ഹമീദിന്റെ നിയമനത്തിനെതിരെ വലതുപക്ഷം

Update: 2025-03-16 09:08 GMT
Editor : rishad | By : Web Desk
Advertising

ലണ്ടന്‍: ബ്രിട്ടിനില്‍ ഓഫ്സ്റ്റെഡിന്റെ ഇടക്കാല ചെയർമാനായി വിദ്യാഭ്യാസ പ്രവര്‍ത്തകനും മതപണ്ഡിതനുമായ മുഫ്തി ഹമീദ് പട്ടേല്‍. ഇതാദ്യമായാണ് ഒരു മതപണ്ഡിതന്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഓഫ്‌സ്റ്റെഡിന്റെ ചെയര്‍മാനായി എത്തുന്നത്. താത്കാലികമായിട്ടാണ് അദ്ദേഹത്തിന്റെ നിയമനം.

നിലവിലെ ചെയര്‍മാന്‍ ഡാം ക്രിസ്റ്റീൻ റയാൻ പദവി ഒഴിഞ്ഞതോടെയാണ് ഹമീദ് പട്ടേല്‍ ഈ സ്ഥാനത്ത് എത്തുന്നത്. അഞ്ച് മാസത്തിനുള്ളില്‍ പുതിയ ചെയര്‍മാനെത്തും. 

നിരവധി ഇസ്‌ലാമിക് സ്‌കൂളുകൾ ഉൾപ്പെടെ ഏകദേശം 40 പ്രൈമറി- സെക്കൻഡറി വിദ്യാലയങ്ങള്‍ നടത്തുന്ന 'സ്റ്റാർ അക്കാദമിസ് ട്രസ്റ്റിന്റെ' ചീഫ് എക്സിക്യൂട്ടീവാണ് അദ്ദേഹം. ട്രസ്റ്റിന് കീഴില്‍ ഒരു ക്രിസ്ത്യൻ സ്കൂളും 'ഗ്രാമര്‍' സ്കൂളുകളും നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളും ഓഫ്സ്റ്റെഡ് മികച്ചതായി വിലയിരുത്തിയതുമാണ്. വടക്കൻ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാൻഡ്സ്, ലണ്ടൻ എന്നിവിടങ്ങളിലായാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍.

മികച്ച ട്രാക്ക് റെക്കോർഡും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികളെ പരിപാലിക്കുന്നതിലും അവർക്ക് വേണ്ട പഠന സൗകര്യമൊരുക്കുന്നതിലുമൊക്കെ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. അതേസമയം 2019 മുതൽ ഓഫ്സ്റ്റെഡ് ബോർഡ് അംഗമാണ് ഹമീദ് പട്ടേൽ. എക്സിക്യൂട്ടീവ് ചുമതലകള്‍ക്കപ്പുറം അറിവ് പകരാനും വിദ്യാര്‍ഥികളെ കയ്യിലെടുക്കാനും അദ്ദേഹത്തിന് തനതായ മിടുക്കുമുണ്ട്. 

വിദ്യാഭ്യാസ മാനദണ്ഡം, ഗുണനിലവാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗിന്റെ വൈസ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ബർമിംഗ്ഹാം സർവകലാശാലയിലെ ഓണററി പ്രൊഫസർ എന്ന നിലയിൽ അദ്ദേഹം തന്റെ  അക്കാദമിക് ഗവേഷണത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. വിദ്യാഭ്യാസ സേവനങ്ങള്‍ മുന്‍നിര്‍ത്തി കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ ആയി അദ്ദേഹത്തെ 2015ല്‍ നിയമിച്ചു. 

വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2021ല്‍ രാജ്ഞിയുടെ ജന്മദിന ആദരവായി സര്‍ പദവി നല്‍കിയിരുന്നു. 2023ല്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ഇന്ന് ലണ്ടനിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും തിരിച്ചറിയുന്ന പേരുകളിലൊന്നാണ് ഹമീദ് പട്ടേലിന്റേത്. ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തി വിദ്യാഭ്യാസത്തിന് ഉണ്ടെന്ന ആശയത്തിന്റെ മുൻനിര വക്താവ് കൂടിയാണ് അദ്ദേഹം. അതേസമയം ഹമീദിന്റെ നിയമനത്തിനെതിരെ ബ്രിട്ടനിലെ വലതുപക്ഷം രംഗത്ത് എത്തി. രാജ്യത്തെ ഇസ്‌ലാമിക വത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നിയമനം എന്നാണ് അവർ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ താടിയും തലപ്പാവും ഉപയോഗിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വെറുപ്പും വലതുപക്ഷം സൃഷ്ടിക്കുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News