ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കിൽ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടൂ: ഋഷി സുനക്
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്
ഡല്‍ഹി: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കിൽ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്ന കരാർ മാത്രമേ അംഗീകരിക്കൂവെന്ന് സുനക് വ്യക്തമാക്കി. ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്‍റെ പ്രസ്താവന.
ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കുള്ള യാത്രക്ക് മുമ്പ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുനക് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഏറ്റവും വലിയ കയറ്റുമതി രാജ്യമാകാനുള്ള ശ്രമത്തിനിടയിൽ ബ്രിട്ടനുമായുള്ള വ്യാപാരക്കരാർ നിർണായകമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുവന്നതിനു പിന്നാലെ വിപുലമായ വ്യാപാര സാധ്യതകൾ തേടുന്ന യുകെയ്ക്കും ഇന്ത്യയുമായുള്ള കരാർ നിർണായകമാണ്. ഈ വര്‍ഷം അവസാനത്തോടെ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ മാസം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ടചർച്ചകൾ നേരതെ ആരംഭിക്കുകയും ചെയ്തിരുന്നു.
ജി20 അധ്യക്ഷ പദവി സ്ഥാനം അർഹിക്കുന്ന കരങ്ങളിലാണ് ലഭിച്ചതെന്നും ശരിയായ രാജ്യം അതിന്റെ ശരിയായ സമയത്താണ് ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതെന്നും സുനക് പറഞ്ഞു. ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉടൻ ഡൽഹിയിലെത്തും. ജോ ബൈഡൻ എത്തുമെന്ന് ഇന്നലെ അമേരിക്ക സ്ഥിരീകരിച്ചിരിരുന്നു. ബൈഡന്‍റെ കോവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. ഉച്ചകോടിക്കായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു ഡൽഹിയിലെത്തിയിട്ടുണ്ട്.