‘ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും’; സംയുക്ത പ്രസ്താവനയുമായി സ്പെയിൻ, അയർലൻഡ്, സ്ലോവേനിയ, മാൾട്ട
ഗസ്സയിലെ വെടിനിർത്തലിന് യൂറോപ്യൻ യൂനിയൻ ഏകകണ്ഠമായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു
മാഡ്രിഡ്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയിറക്കി സ്പെയിൻ, അയർലൻഡ്, സ്ലോവേനിയ, മാൾട്ട എന്നീ രാജ്യങ്ങളുടെ നേതാക്കൾ. മേഖലയിൽ ശാശ്വതമായ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയാണെന്ന് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ, ഫലസ്തീൻ എന്നീ രാജ്യങ്ങളെ അംഗീകരിക്കുന്നതിലൂടെ സമാധാനവും സുരക്ഷിതത്വവും കൈവരിക്കാനാകും. സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാനുള്ള തങ്ങളുടെ സന്നദ്ധതയെക്കുറിച്ച് നാല് നേതാക്കളും ചർച്ച ചെയ്തതായും പ്രസ്താവനയിൽ പറയുന്നു. സാഹചര്യങ്ങൾ ശരിയാകുമ്പോൾ അതിനായി മികച്ച സംഭാവനകൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഫലസ്തീനെ അംഗീകരിക്കുക എന്നതാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നതെന്ന് ബ്രസൽസിൽ നടന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിന് ശേഷം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഈ സർക്കാറിന്റെ കാലാവധിക്കുള്ളിൽ ഫലസ്തീനെ അംഗീകരിക്കുമെന്ന് സാഞ്ചസ് കഴിഞ്ഞവർഷം അവസാനം പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യൻ കൗൺസിലിന്റെ വ്യാഴാഴ്ചത്തെ തീരുമാനങ്ങൾ സ്പെയിനിന്റെ നീക്കത്തെ കൂടുതൽ അംഗീകരിക്കുന്നതാണെന്നും വിവിധ രാജ്യങ്ങൾക്ക് ഈ നയം സ്വീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായി യൂറോപ്യൻ യൂനിയൻ ഏകകണ്ഠമായി ഗസ്സയിലെ വെടിനിർത്തലിന് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.