'2025 ഞങ്ങളുടെ വര്‍ഷം, റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും യുക്രൈന്‍ സാധ്യമായതെല്ലാം ചെയ്യും': സെലന്‍സ്കി
'സമാധാനം ഞങ്ങൾക്ക് ഒരു സമ്മാനമായി നൽകില്ലെന്ന് ഞങ്ങൾക്കറിയാം'
കിയവ്: നീണ്ട മൂന്ന് വർഷമായി തുടരുന്ന റഷ്യയുടെ അധിനിവേശം ഏത് വിധേനയും അവസാനിപ്പിക്കാൻ യുക്രൈന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. 2025 തങ്ങളുടെ വര്‍ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സമാധാനം ഞങ്ങൾക്ക് ഒരു സമ്മാനമായി നൽകില്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷേ റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങൾ എല്ലാം ചെയ്യും." സെലന്‍സ്കി വ്യക്തമാക്കി. 2023നെ അപേക്ഷിച്ച് 2024ല്‍ റഷ്യയെക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ പ്രദേശം യുക്രൈന് നഷ്ടപ്പെട്ടുവെന്നാണ് എഎഫ്‍പിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ യുഎസിന്‍റെ സൈനിക, രാഷ്ട്രീയ പിന്തുണ കുറയാനുള്ള സാധ്യതയുമുണ്ട്. നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍ തിങ്കളാഴ്ച യുക്രൈന് ഏകദേശം 6 ബില്യൺ ഡോളർ സൈനിക, സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ്, അധികാരം വീണ്ടെടുത്താൽ 24 മണിക്കൂറിനുള്ളിൽ സംഘർഷം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. സമാധാനത്തിന് പകരമായി നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള എല്ലാ പ്രദേശങ്ങളും വിട്ടുകൊടുക്കാൻ സമ്മർദ്ദം ചെലുത്തിയേക്കാമെന്ന് യുക്രൈന് ആശങ്കയുണ്ടാക്കിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
യുക്രൈന്‍ മേല്‍ക്കൈ നേടുന്നതിനായി യുദ്ധം തുടരേണ്ടതുണ്ടെന്നും സെലന്‍സ്കി പറഞ്ഞു. "വരും വർഷത്തിൽ എല്ലാ ദിവസവും, ഞാനും നമ്മളെല്ലാവരും ശക്തമായി യുക്രൈനിനായി പോരാടണം. കാരണം അത്തരമൊരു യുക്രൈന് മാത്രമേ യുദ്ധക്കളത്തിലും ചര്‍ച്ചകളിലും സ്വീകാര്യതയുണ്ടാവുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുകയുള്ളൂ. '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ അമേരിക്കൻ പ്രസിഡൻ്റ് സമാധാനം കൈവരിക്കാനും പുടിൻ്റെ ആക്രമണം അവസാനിപ്പിക്കാനും തയ്യാറാണെന്നും കഴിവുള്ളവനാണെന്നും തനിക്ക് സംശയമില്ലെന്നും സെലെൻസ്‌കി പറഞ്ഞു.
എന്നാല്‍ പുതുവത്സര പ്രസംഗത്തില്‍ പുടിന്‍ യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചില്ല.റഷ്യന്‍ സൈനികരുടെ ധീരതയെ പ്രശംസിക്കുക മാത്രമാണുണ്ടായത്. "റഷ്യയെ പ്രതിരോധിക്കാൻ വലിയ സൈനിക അധ്വാനം നടത്തിയ യഥാർത്ഥ വീരന്മാരാണ് നിങ്ങൾ," അദ്ദേഹം അഭിനന്ദിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ് തൻ്റെ പ്രസംഗത്തിൽ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ അനുസ്മരിച്ചു. അവര്‍ നാസിസത്തോട് പോരാടി മരിച്ചുവെന്ന് അവകാശപ്പെട്ടു. യുക്രൈന്‍ അധിനിവേശത്തിന് തുടക്കമിടാൻ പുടിൻ ഉപയോഗിച്ച ന്യായീകരണമാണിത്.