ആകാശത്ത് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാന്‍ ശ്രമം; ജീവനക്കാരിയെ ആക്രമിച്ചു- യുവാവ് അറസ്റ്റിൽ

ചോദ്യംചെയ്യാനെത്തിയ ജീവനക്കാരെ 33കാരൻ കൈയേറ്റം ചെയ്തു

Update: 2023-03-07 03:58 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ആകാശത്ത് വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് ഡോർ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ചോദ്യം ചെയ്ത ജീവനക്കാരിയെ സ്പൂൺ കൊണ്ട് കഴുത്തിൽ കുത്തുകയും ചെയ്തു. ലോസ് ഏഞ്ചൽസിൽനിന്ന് ബോസ്റ്റണിലേക്ക് തിരിച്ച യുനൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മസാച്യുസെറ്റ്‌സ് ലിയോമിൻസ്റ്റർ സ്വദേശിയായ ഫ്രാൻസിസ്‌കോ സെവേരോ ടോറസ് ആണ് വിമാനത്തിന്റെ യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ലോസ് ഏഞ്ചൽസിൽനിന്ന് യാത്ര തിരിച്ച വിമാനം ബോസ്റ്റണിൽ ഇറങ്ങാൻ മുക്കാൽ മണിക്കൂർ ശേഷിക്കെയാണ് സംഭവം. വിമാനത്തിന്റെ വലതു ഭാഗത്ത് ഫസ്റ്റ് ക്ലാസിനും കോച്ച് ഭാഗത്തിനും ഇടയിലുണ്ടായിരുന്ന വാതിലിന്റെ തുറന്നുകിടക്കുന്നതായി കോക്പിറ്റിൽ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഉടൻ വിമാന ജീവനക്കാരി തിരച്ചിൽ നടത്തി നോക്കിയപ്പോഴാണ് വാതിലിന്റെ കുറ്റി നീക്കിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ വാതിൽ അടച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം ക്യാപ്റ്റനെ വിവരം അറിയിച്ചു. ഈ സമയത്താണ് 33കാരനായ ടോറസിനെ വാതിലിൻരെ ഭാഗത്ത് കണ്ടതായി ഒരു ജീവനക്കാരൻ അറിയിച്ചത്. ഇയാളെ ചോദ്യംചെയ്തതോടെ ക്ഷുഭിതനായി. സംഭവം നിഷേധിച്ച യുവാവ് തെളിവുണ്ടെങ്കിൽ കാണിക്കാനും ആവശ്യപ്പെട്ടു.

ടോറസ് യാത്രക്കാർക്ക് ഭീഷണിയാണെന്നും വിമാനം ഉടൻ തന്നെ നിലത്തിറക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ഈ സമയത്താണ് വലതു ഭാഗത്തെ വാതിലിനടുത്ത് ജീവനക്കാർ നിൽക്കുന്ന ഇടനാഴിയിലേക്ക് യുവാവ് എത്തുന്നത്. എന്തോ ബഹളം വച്ചായിരുന്നു ഇയാൾ എത്തിയത്. ഉടൻ തന്നെ ജീവനക്കാർക്കുനേരെ പൊട്ടിയ സ്പൂൺ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. മൂന്നുതവണ ജീവനക്കാരിയുടെ കഴുത്തിൽ സ്പൂൺകൊണ്ട് കുത്തുകയും ചെയ്തു. പിന്നീട് യാത്രക്കാർ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

ബോസ്റ്റണിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ വാതിൽ എവിടെയാണെന്ന് ഇയാൾ അന്വേഷിച്ചിരുന്നതായി യാത്രക്കാർ വെളിപ്പെടുത്തി. വിമാന ജീവനക്കാരി സുരക്ഷാ മുൻകരുതൽ നിർദേശം നൽകുന്നതിടെയായിരുന്നു ഇത്.

യു.എസിൽ വിമാനയാത്രയ്ക്കിടെ അപകടകരമായ ആയുധങ്ങൾ കൈയിൽ വയ്ക്കുന്നതും ജീവനക്കാരുടെ പ്രവർത്തനം തടസപ്പെടുത്തുന്നതും ഗുരുതര കുറ്റമാണ്. ജീവപര്യന്തം തടവുശിക്ഷയും 2,50,000 യു.എസ് ഡോളർ(ഏകദേശം രണ്ടു കോടി രൂപ) പിഴയും ലഭിക്കാനിടയുള്ള കുറ്റമാണിത്.

Summary: US young man tries to open emergency exit door of plane mid air, stabs flight attendant; Arrested in Boston

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News