വീണ്ടും ഉപയോഗിക്കാവുന്ന ഇന്ത്യൻ റോക്കറ്റ് ലോഞ്ചർ; ലാൻഡിംഗ് പരീക്ഷണം വിജയകരം
ഹെലികോപ്ടറിൽ കൊണ്ടുപോയി 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് നിലത്തേക്കിട്ട ആർ.എൽ.വി കൃത്യമായി പറന്ന് ലാൻഡ് ചെയ്തു
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) നിർമിച്ച പുനരുപയോഗം നടത്താവുന്ന റോക്കറ്റ് ലോഞ്ചറിന്റെ ലാൻഡിംഗ് പരീക്ഷണം വിജയം. കർണാടകയിലെ ചിത്രദുർഗ വ്യോമയാന പരീക്ഷണ കേന്ദ്രത്തിലാണ് ആർ.എൽ.വി ലെക്‌സ് എന്ന് പേരിട്ട ആളില്ലാ ലോഞ്ചർ സ്വമേധയാ നിലത്തിറങ്ങിയത്. സാറ്റലൈറ്റുകൾ വിക്ഷേപിക്കുമ്പോഴുള്ള ചെലവ് ഗണ്യമായി കുറക്കാൻ പുനരുപയോഗ ലോഞ്ചറുകൾ കൊണ്ട് കഴിയും.
അത്യാധുനിക നാവിഗേഷൻ ഉപകരണങ്ങളും റഡാറുകളും ബ്രേക്ക് പാരച്യൂട്ടുമടക്കം നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമിച്ച റോക്കറ്റ് ലോഞ്ചറിന്റെ പരീക്ഷണ മാതൃക ചിനൂക് ഹെലികോപ്റ്ററിലാണ് ആകാശത്തേക്ക് കൊണ്ടുപോയത്. ഭൂപ്രതലത്തിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഇതിനെ നിലത്തേക്കയക്കുകയായിരുന്നു. കോപ്ടറുമായുള്ള ബന്ധം വിച്ഛേദിച്ചയുടനെ ലോഞ്ചറിലെ സംവിധാനങ്ങൾ സ്വയം പ്രവർത്തനക്ഷമമാവുകയും ഒരു ചെറുവിമാനം പോലെ കൃത്യമായി സഞ്ചരിച്ച് റൺവേയിൽ ലാൻഡ് ചെയ്യുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ 7.10 ന് കോപ്ടറിൽ പുറപ്പെട്ട ആർ.എൽ.വി ലെക്‌സ് 7.40 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. ഭൂമിയിൽ തിരിച്ചെത്തുന്ന ബഹിരാകാശ വാഹനത്തിന്റെ അതേ രീതിയിലായിരുന്നു ലാൻഡിംഗ് എന്നും, ലോകത്താദ്യമായാണ് ചിറകുള്ള ഒരു വാഹനം കോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിലേക്ക് ഹെലികോപ്ടറിൽ കൊണ്ടുപോയ ശേഷം വിജയകരമായ സ്വയം ലാൻഡിംഗ് നടത്തുന്നതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. 350 കി.മീ ആയിരുന്നു നിലംതൊടുമ്പോൾ ലോഞ്ചറിന്റെ വേഗം.
ആർ.എൽ.വി ലെക്‌സിൽ ഉപയോഗിച്ചിരിക്കുന്ന നാവിഗേഷൻ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുമടക്കം നിരവധി സംവിധാനങ്ങൾ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ്. ഐ.എസ്.ആർ.ഓയ്ക്കു പുറമെ ഇന്ത്യൻ വ്യോമസേന, സെമിലാക്ക് ഹൈദരാബാദ്, വ്യോമയാന വികസന വിഭാഗം (എ.ഡി.ഇ), എ.ഡി.ആർ.ഡി.ഇ തുടങ്ങിയവയും ഈ ഉദ്യമത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാഗമായി.