വിമാനം പറത്താൻ എത്തിയത് മദ്യപിച്ച്: പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ
വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് പൈലറ്റിനെ പിടിക്കുന്നത്
ലണ്ടന്‍: മദ്യപിച്ച് വിമാനം പറത്താന്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് പത്ത് മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനെയാണ്(63) കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തിയിരുന്നു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി. കോടതിയില്‍ ലോറന്‍സ് റസല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സ്കോട്ലാന്‍ഡിലെ എഡിൻബർഗ് കോടതിയാണ് 63 കാരനെ ശിക്ഷിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ ഇയാള്‍ അശ്രദ്ധ കാണിച്ചയായും കോടതി വ്യക്തമാക്കി. യു.എസിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ലോറന്‍സ് റസലിനെതിരെ നേരത്തെയും രണ്ട് കേസുകളുണ്ട്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റെഗുലേഷൻസ് പ്രകാരം അനുവദിക്കാവുന്നതിലും അപ്പുറം മദ്യം ഇയാള്‍ കുടിച്ചിട്ടുണ്ട്. പൊതുസുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ രണ്ട് വര്‍ഷം തടവാണ്.