തീപിടിച്ച യാത്രാവിമാനം സുരക്ഷിതമായി നിലത്തിറക്കി മോണിക്ക ഖന്ന; ബിഗ് സല്യൂട്ട്

വിമാനത്തിൽ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്

Update: 2022-06-22 12:51 GMT
Editor : abs | By : Web Desk
Advertising

പട്‌ന: പറന്നുയർന്ന ഉടൻ തീപിടിച്ച വിമാനത്തെ മനസ്സാന്നിധ്യം കൈവിടാതെ നിലത്തിറക്കി വനിതാ വൈമാനിക ക്യാപ്റ്റൻ മോണിക്ക ഖന്ന. ഞായറാഴ്ച ഉച്ചയ്ക്ക് 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട സ്‌പേസ് ജെറ്റിന്റെ എസ്ജി723 വിമാനമാണ് മോണിക്ക സുരക്ഷിതമായി നിലത്തിറക്കിയത്. പട്‌നയിൽനിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ ചിറകിൽ പക്ഷി വന്നിടിച്ചാണ് വിമാനത്തിന് അഗ്നിബാധയേറ്റത്.

അപകടമുണ്ടായ ഉടൻ മോണിക്ക ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിങ്ങുമായി കൂടിയാലോചിച്ചു. ഇടി ബാധിച്ച എഞ്ചിൻ ഓഫ് ചെയ്ത് 'ഭാരം കൂടിയ' എയർക്രാഫ്റ്റ് വിദഗ്ധമായി റൺവേയിലിറക്കുകയായിരുന്നു. പൈലറ്റിന്റെ അടിയന്തര ഇടപെടൽ 185 യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് അടിയന്തര ലാൻഡിങ് ഏറെ ബുദ്ധിമുട്ടുള്ള വിമാനത്താവളമാണ് പട്‌ന ഭിത എയർഫോഴ്‌സ് സ്‌റ്റേഷൻ. 



ക്യാപ്റ്റൻ മോണിക്ക ഖന്നയും ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിങ് ഭാട്ടിയയും അവസരത്തിനൊത്തു പ്രവർത്തിച്ചതായി സ്‌പേസ് ജെറ്റ് ചീഫ് ഓഫ് ഫ്‌ളൈറ്റ് ഗുർചരൺ അറോറ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 'വിമാനം ലാൻഡ് ചെയ്ത വേളയിൽ ഒറ്റ എഞ്ചിൻ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. പക്ഷിയിടിയുടെ ആഘാതത്തിൽ ഫാൻ ബ്ലേഡിനും എഞ്ചിനും തകരാറു സംഭവിച്ചതായി എഞ്ചിനീയർമാർ കണ്ടെത്തി. സിവിൽ വ്യോമയാന മന്ത്രാലയം സംഭവം അന്വേഷിക്കുന്നുണ്ട്' - അറോറ കൂട്ടിച്ചേർത്തു. 



പക്ഷി ഇടിച്ച് മൂന്ന് ഫാൻ ബ്ലേഡിന് തകരാർ സംഭവിച്ചിരുന്നതായി സ്‌പേസ് ജറ്റ് വക്താവ് അറിയിച്ചു. സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജ്യർ പ്രകാരം മുൻകരുതലെന്ന നിലയിൽ എഞ്ചിൻ ഓഫ് ചെയ്തു. വിമാനം നിലത്തിറക്കി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.-വക്താവ് കൂട്ടിച്ചേർത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News