പൈലറ്റ് ബാത്റൂമില്‍ കുഴഞ്ഞുവീണു മരിച്ചു; വിമാനം അടിയന്തരമായി നിലത്തിറക്കി സഹപൈലറ്റുമാർ
മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 271 യാത്രക്കാരുമായി സാന്‍റിയാഗോയിലേക്കു പുറപ്പെട്ട വിമാനത്തിലാണ് സംഭവം
ന്യൂയോർക്ക്: പൈലറ്റ് ബാത്റൂമില്‍ കുഴഞ്ഞുവീണതിനു പിന്നാലെ സഹപൈലറ്റുമാര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സാന്റിയാഗോയിലേക്ക് 271 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് പൈലറ്റ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബാത്റൂമില്‍ കുഴഞ്ഞുവീണത്. ഉടൻ വിമാനം പാനമയിലെ ടോക്യുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. എന്നാല്‍, പൈലറ്റിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
ലാറ്റം ബോയിങ്ങിന്റെ 787 ഡ്രീംലൈനർ വിമാനത്തിലെ പൈലറ്റ് ഇവാൻ അന്ദാവൂർ(56) ആണു ബോധരഹിതനായി വീണത്. ഉടൻ വിമാനത്തിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടർമാരും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. ടോക്യുമെൻ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനുശേഷം അടിയന്തര പരിചരണം നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായ ഇസദോറ എന്ന നഴ്‌സാണു യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തിയ പൈലറ്റിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇവാനു ഹൃദയാഘാത ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇസദോറയും മറ്റൊരു നഴ്‌സും രണ്ട് ഡോക്ടർമാരും ചേർന്നു പ്രാഥമിക പരിചരണം നൽകി. എന്നാൽ, ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ അടിയന്തര വൈദ്യ സജ്ജീകരണങ്ങൾ വിമാനത്തിലുണ്ടായിരുന്നില്ല. ഇതാണു തിരിച്ചടിയായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് വിമാനം മയാമിയിൽനിന്നു പുറപ്പെട്ടത്. യാത്ര ആരംഭിച്ച് 40 മിനിറ്റ് പിന്നിട്ടതോടെ ഡോക്ടർമാർ ആരെങ്കിലും വിമാനത്തിലുണ്ടോയെന്ന് പൈലറ്റ് മൈക്കിലൂടെ ചോദിച്ചതായി മറ്റൊരു യാത്രക്കാരി വെളിപ്പെടുത്തി. പിന്നീടാണ് പൈലറ്റിനു സുഖമില്ലെന്നും വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്നും അറിയിച്ചത്. പാനമയിൽ വിമാനം ഇറക്കിയതിനു പിന്നാലെ എല്ലാവരോടും പെട്ടെന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും പൈലറ്റിന്റെ സ്ഥിതി വഷളായിരുന്നുവെന്നും യാത്രക്കാരി വെളിപ്പെടുത്തി.
യാത്രക്കാർക്ക് പിന്നീട് പാനമയിലെ ഒരു ഹോട്ടലിൽ താമസമൊരുക്കുകയായിരുന്നു. തുടർന്ന് പിറ്റേ ദിവസമാണു യാത്ര പുനരാരംഭിച്ചത്.
Summary: Pilot dies in bathroom of plane with 271 onboard, co-pilots make emergency landing