'ഇടുപ്പിൽ തണുപ്പനുഭവപ്പെട്ടു; നോക്കുമ്പോൾ മൂർഖൻ' - വിമാനം അടിയന്തരമായി നിലത്തിറക്കി പൈലറ്റ്

യാത്രയ്ക്കിടെ ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീറ്റിനു താഴെ പാമ്പിനെ കണ്ടതെന്ന് പൈലറ്റ് പറയുന്നു.

Update: 2023-04-07 06:50 GMT
Advertising

വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ പൈലറ്റിന് അഭിനന്ദന പ്രവാഹം. സൗത്ത് ആഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മരണത്തെ മുന്നിൽ കണ്ട നിമിഷത്തിലും മനഃസ്ഥൈര്യം കൈവിടാതെ ശരിയായ തീരുമാനമെടുത്ത് ഹീറോ ആയത്.

ഏപ്രിൽ മൂന്നിന് ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിൽ നിന്ന് നെൽസ്പ്രുറ്റിലേക്ക് നാലു യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അമേരിക്കൻ കമ്പനിയായ ബീച്ച്ക്രാഫ്റ്റ് നിർമിച്ച ബാരോൺ 58 വിമാനത്തിന്റെ ഏക പൈലറ്റ് ആയിരുന്നു റുഡോൾഫ് ഇറാസ്മസ്. യാത്രയ്ക്കിടെ ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീറ്റിനു താഴെ പാമ്പിനെ കണ്ടതെന്ന് ഇറാസ്മസ് പറയുന്നു.

'ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഇടത്തോട്ടു തിരിഞ്ഞ് താഴോട്ട് നോക്കിയപ്പോൾ പാമ്പിന്റെ തല എന്റെ സീറ്റിനടിയിൽ പിന്നോട്ട് വലിയുന്നത് കാണാൻ കഴിഞ്ഞു. സത്യം പറഞ്ഞാൽ, അത് നിശ്ശബ്ദമായ ഒരു സ്തംഭനാവസ്ഥയായിരുന്നു.' - റുഡോൾഫ് വാർത്താമാധ്യമമായ 'എൻ.പി.ആറി'നോട് പറഞ്ഞു.

വിമാനത്തിൽ പാമ്പുണ്ടെന്ന കാര്യം യാത്രയ്ക്കിടെ തന്നെ റുഡോൾഫ് വിമാനത്തിലെ നാല് യാത്രക്കാരെയും അറിയിച്ചു: 'ഞാൻ യാത്രക്കാർക്ക് വിവരം നൽകി. ശ്രദ്ധിക്കൂ, വിമാനത്തിൽ പാമ്പുണ്ട്. അത് എന്റെ സീറ്റിന്റെ അടിയിലാണ്. അതിനാൽ നമുക്ക് എത്രയും വേഗം നിലത്തിറങ്ങാൻ ശ്രമിക്കാം എന്നായിരുന്നു സന്ദേശം.'

മൂർഖനെ കണ്ട ഉടൻ തൊട്ടടുത്ത വെൽക്കം വിമാനത്താവളത്തിൽ ഇറാസ്മസ് വിമാനം അടിയന്തരമായി ഇറക്കി. എന്നാൽ, പരിശോധനയിൽ ഇഴജന്തുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, യാത്ര ആരംഭിച്ച വോഴ്‌സെസ്റ്റർ ഫ്‌ളൈയിങ് ക്ലബ്ബിൽ അന്നു രാവിലെ വിമാനത്തിനു താഴെ എന്തോ ഇഴഞ്ഞു നീങ്ങുന്നതായി ജീവനക്കാർ കണ്ടിരുന്നുവെന്ന് ഇറാസ്മസ് പറയുന്നു. പറക്കലിനു മുമ്പ് വിമാനം പരിശോധിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാസ്മസിന്റെ ധൈര്യത്തെ ദക്ഷിണാഫ്രിക്കൻ സിവിൽ വ്യോമയാന കമ്മീഷണർ പോപ്പി ഖോസ അഭിനന്ദിച്ചു. യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഹീറോ ആണ് അദ്ദേഹമെന്നും അടിയന്തര ഘട്ടത്തിൽ കാണിച്ച മനഃസാന്നിധ്യം മാതൃകാപരമാണെന്നും ഖോസ പറഞ്ഞു.

Tags:    

Writer - André

contributor

Editor - André

contributor

By - വെബ് ഡെസ്ക്

contributor

Similar News