അമ്മക്കും മകൾക്കുമെതിരെ യാത്രക്കാരന്‍റെ ലൈംഗികാതിക്രമം; രണ്ട് മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്കെതിരെ കേസ്

നിരവധി തവണ പരാതിപ്പെട്ടിട്ടും കുറ്റാരോപിതനായ യാത്രക്കാരനെതിരെ വിമാനജീവക്കാര്‍ നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്

Update: 2023-07-31 03:22 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോർക്ക്: വിമാനയാത്രക്കാരൻ സഹയാത്രികരായ അമ്മക്കും മകൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെൽറ്റ എയർലൈനിനെതിരെ രണ്ട് മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. ന്യൂയോർക്ക് സിറ്റിയിലെ ജെഎഫ്‌കെ എയർപോർട്ടിൽ നിന്ന് ഗ്രീസിലെ ഏഥൻസിലേക്കുള്ള യാത്രക്കിടയാണ് യാത്രക്കാരന്റെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.

യാത്രക്കാരനെതിരെ നിരവധി തവണ വിമാനജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും 16 വയസുകാരിയായ മകളും അമ്മയും നൽകിയ പരാതിയിൽ പറയുന്നു. 2022 ജൂലൈ 26നാണ് സംഭവം നടന്നത്.

അമ്മയുടെയും മകളുടെയും അടുത്ത സീറ്റിലായിരുന്നു ഈ യാത്രക്കാരനും ഇരുന്നത്. ഇയാൾ തുടർച്ചയായി മദ്യപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടിയോട് കയർത്തു സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച അമ്മക്ക് നേരെയും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽപറയുന്നു. തങ്ങൾക്ക് വേറെ സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും വിമാന ജീവനക്കാർ സമ്മതിച്ചില്ല. തുടർന്ന് മറ്റൊരു യാത്രക്കാരനാണ് ഇവർക്ക് സീറ്റ് മാറിക്കൊടുത്തത്. എന്നാൽ ഈ സമയത്തും അക്രമം നടത്തിയ യാത്രക്കാരന് വിമാനത്തിലെ ജീവനക്കാർ മദ്യം നൽകിയെന്നും പരാതിയിലുണ്ട്.

ലൈംഗികാതിക്രമത്തെ കുറിച്ച് പ്രാദേശിക അധികാരികളെയോ യുഎസ് നിയമപാലകരെയോ അറിയിക്കാതെ മദ്യപിച്ചയാളെ വിമാനത്തിൽ നിന്ന് പുറത്ത് കടക്കാൻ ജീവനക്കാർ സഹായിച്ചെന്നും പരാതിയിൽ പറയുന്നു. വിമാനക്കമ്പനി കടുത്ത അനാസ്ഥ കാണിച്ചെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. വിമാനം ഏഥൻസിൽ എത്തിയപ്പോൾ അമ്മക്കും മകൾക്കും ജീവനക്കാർ 5,000 സൗജന്യ എയർലൈൻ മൈൽ നൽകി മാപ്പ് ചോദിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News