പറക്കലിനിടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത്
ഇത്രയും വിലയുള്ള, സാങ്കേതികത്തികവുള്ള റഫാൽ വിമാനങ്ങൾ പറക്കുന്നതിനിടെ കൂട്ടിയിടിച്ചാൽ എന്തുണ്ടാകും?
ഇന്ത്യക്കാർക്ക് ഏറെ പരിചിതമാണ് റഫാൽ എന്ന യുദ്ധവിമാനം. യുദ്ധവിമാന നിർമാതാക്കളായ ഫ്രാൻസിലെ ദാസ്സോ നിർമിക്കുന്ന ഈ ഇരട്ട എഞ്ചിൻ വിമാനങ്ങളിൽ 35 എണ്ണം നിലവിൽ ഇന്ത്യൻ നാവികസേനയുടെ കൂടി ഭാഗമാണ്. യുദ്ധസാഹചര്യത്തിൽ അന്തരീക്ഷത്തിൽ ആധിപത്യം സ്ഥാപിക്കാനും ആയുധങ്ങൾ കൃത്യമായി വിന്യസിക്കാനും, കപ്പലുകളും ആണവകേന്ദ്രങ്ങളുമടക്കമുള്ള ദുഷ്‌കരമായ ലക്ഷ്യങ്ങൾ തകർക്കാനുമുള്ള കഴിവാണ് റഫാലിന്റെ പ്രത്യേകത. 216 മില്യൺ യൂറോ (1786 കോടി രൂപ) ആണ് റഫാൽ വിമാനത്തിന്റെ വില.
ഇത്രയും വിലയുള്ള, സാങ്കേതികത്തികവുള്ള റഫാൽ വിമാനങ്ങൾ പറക്കുന്നതിനിടെ കൂട്ടിയിടിച്ചാൽ എന്തുണ്ടാകും? അത്തരമൊരു സംഭവത്തിനാണ് വടക്കുകിഴക്കൻ ഫ്രാൻസിലെ കോന്യാക് എയർഷോ സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് നാവികസേനയുടെ കീഴിലുള്ള വൗത്തർ ബ്രാവോയുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളാണ് ആകാശത്തെ അഭ്യാസത്തിനിടെ പരസ്പരം സ്പർശിച്ചത്.
പ്രദർശനപ്പറക്കലിനിടെ ഇരുവിമാനങ്ങളുടെയും പിൻഭാഗങ്ങൽ തമ്മിൽ ഇടിക്കുകയായിരുന്നു. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലാതെ നിലത്തിറക്കാൻ രണ്ടിലെയും പൈലറ്റുമാർക്ക് കഴിഞ്ഞു. പൈലറ്റുമാർക്ക് പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ ഒരു വിമാനത്തിന്റെ ടെയിൽ ഫിൻ ഇളകിവീണത് ഗെൻസാക് ലാ പല്യു എന്ന ഗ്രാമത്തിന് സമീപം ഒരു വീടിനു മുകളിലേക്കാണ്. വീടിന്റെ മേൽക്കൂരയ്ക്ക് കാര്യമായ പരിക്കുണ്ടായെങ്കിലും ആളപാടമൊന്നുമുണ്ടായില്ലെന്ന് ഫ്രഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥനായ കേണൽ നിക്കൊളാസ് ലിയൗട്ടി പറഞ്ഞു.
ഇളകിവീണ വിമാനഭാഗത്തിന്റെയും വിമാനത്തിന് സംഭവിച്ച കേടുപാടിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു വിമാനത്തിന്റെ ഇടതുചിറകിന്റെ ഭാഗത്തിനും രണ്ടാമത്തേതിന്റെ വലതു കനാർഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലത്തുവീണ ടെലിൽ ഫിന്നിൽ, റഫാലിന്റെ സ്പെക്ട്ര ഇലക്ട്രോണിക് സ്യൂട്ടിന്റെ ഭാഗമായുള്ള നിരവധി സെൻസറുകളുണ്ട്.
അപകടത്തെപ്പറ്റി ഫ്രഞ്ച് വ്യോമസേന അന്വേഷണ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.