50 ലക്ഷം വാഹനങ്ങള്‍; വില്‍പ്പനയില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ടാറ്റ
2004 ലാണ് ടാറ്റ 10 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് താണ്ടിയത്
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും ജനസ്വീകാര്യതയുള്ള വാഹന ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ. രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വാഹനനിർമാണ കമ്പനിയുമാണ് ടാറ്റ. സേഫ്റ്റിയിലും യാത്രാ സുഖത്തിലും ടാറ്റയുടെ കാറുകൾ മുൻപന്തിയിൽ തന്നെയാണ്.
ഇപ്പോഴിതാ രാജ്യത്ത് 50 ലക്ഷം കാറുകൾ വിറ്റഴിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. നെക്‌സോൺ, ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ്, സഫാരി തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ ശ്രേണിയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ടിയാഗോ ഇവി, ടിഗോർ ഇ.വി, നെക്‌സോൺ ഇ.വി തുടങ്ങി മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ടാറ്റയിലുണ്ട്.
സേഫ്റ്റി തന്നൊയാണ് ടാറ്റ വാനങ്ങളുടെ മുഖമുദ്രയായി എടുത്ത് പറയാവുന്ന ഒന്ന്. ഇത് തന്നെയാണ് ജനങ്ങൾക്ക് ടാറ്റയോടുള്ള വിശ്വാസ്യത ഇത്രയും വേഗം വർദ്ധിക്കാൻ കാരണവും. ടിയാഗോയാണ് ടാറ്റയുടെ തലവര മാറ്റിയ വാഹനം. പിന്നാലെ നെക്‌സോണും ടിഗോറും അതിന് വേഗം കൂട്ടി.
2004 ലാണ് ടാറ്റ 10 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് താണ്ടിയത്. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം 2010ലാണ് 20 ലക്ഷം വാഹനങ്ങൾ വിറ്റ് ടാറ്റ റെക്കോർഡ് സ്ഥാപിച്ചത്. 2015ൽ 30 ലക്ഷവും 2020 ൽ 40 ലക്ഷം വാഹനങ്ങളും ടാറ്റ നിർമിച്ചു. പിന്നീടിങ്ങോട്ട് മൂന്ന് വർഷം കൊണ്ടാണ് 50 ലക്ഷം വാഹനങ്ങൾ എന്ന നിർണായകമായ നാഴികകല്ലിലേക്ക് കമ്പനിയെത്തിയത്.
എസ്.യു.വി, ഹാച്ച്ബാക്ക്, സെഡാൻ, എൻട്രി ലെവൽ തുടങ്ങി വിവിധ സെഗ്മെന്റുകളിലായി നിരവധി മോഡലുകളാണ് കമ്പനി പുറത്തിറക്കി. ഏത് ചെറിയ മോഡൽ വാഹനങ്ങളിലും പരമാവധി സുരക്ഷ ഉറപ്പുവരുത്താൻ കമ്പനിക്ക് സാധിക്കാറുണ്ട്. ഇത് തന്നെ ഉപഭോക്താക്കളെ ടാറ്റയിലേക്ക് അടുപ്പിക്കുന്നതും. പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു വലിയ നിര തന്നെയാണ് 2025 ൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പത്തിലധികം ഇലക്ട്രിക് മോഡലുകളാണ് 2025 ഓടെ ടാറ്റയുടേതായി നിരത്തിലെത്തുക.