കിടിലന്‍ ലുക്കില്‍ ഇതാ പുതിയ ക്രെറ്റ; ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടായി
അകവും പുറവും അഴിച്ചുപണിതാണ് ക്രെറ്റ 2024 വിപണിയിലെത്തുന്നത്.
പുതുവർഷത്തിൽ ക്രെറ്റയുടെ പുതിയ മോഡൽ അവതരിപ്പിച്ച് ഹ്യുണ്ടായി. ജനുവരി 16ന് ലോഞ്ച് ചെയ്യുന്ന മോഡലിന്റെ അഡ്വാൻസ് ബുക്കിങ് ഹ്യുണ്ടായി ആരംഭിച്ചു. 25000 രൂപ ആദ്യ ഗഡുവടച്ച് മിഡ് സൈസ് എസ്.യു.വി ബുക്കു ചെയ്യാം. ഹ്യുണ്ടായിഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ബുക്കിങ്ങിന് സൗകര്യമുണ്ട്. പഴയ ക്രെറ്റ ബുക്ക് ചെയ്തവർക്ക് പുതിയ ക്രെറ്റയിലേക്ക് മാറാനുള്ള സൗകര്യവുമുണ്ട്.
ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പെ പുതിയ മോഡലിന്റെ നിരവധി സവിശേഷതകൾ ഹ്യുണ്ടായി പങ്കുവച്ചു. അകവും പുറവും അഴിച്ചുപണിതാണ് ക്രെറ്റ 2024 വിപണിയിലെത്തുന്നത്. മുൻഭാഗം പൂർണമായി റീഡിസൈൻ ചെയ്തു. വീതിയുള്ള മൂന്ന് നിര റേഡിയേറ്റർ ഗ്രിൽ വാഹനത്തിന് പുതിയ ഭാവം നൽകുന്നു. ബമ്പറിനുള്ളിൽ ഒതുങ്ങി സുരക്ഷിതമായ നിലയിലാണ് എൽഇഡി ഹെഡ്‌ലാംപുകൾ. എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, വെർട്ടിക്കൽ ഫോഗ് ലാംപുകൾ... ഇങ്ങനെ പോകുന്നു പ്രത്യേകതകൾ.
അകത്തളത്തിലും പുതുമ ഒരുക്കിയിട്ടുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എട്ടിഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകളുള്ള ബോസ് മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പുതുക്രെറ്റയ്ക്ക് അകംമോടി നൽകും.
115 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ എഞ്ചിനാണ് ക്രെറ്റയുടെ കരുത്ത്. 1.51 എംപിഐ പെട്രോൾ, 151 യു2 സിആർഡിഐ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഒപ്ഷനുകളും ഇതിൽ ലഭിക്കും. സേഫ്റ്റിയിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണ് കാറിൽ ഒരുക്കിയിട്ടുള്ളത്.
ആറ് മോണോ ടോൺ, ഒരു ഡ്യുവൽ ടോൺ കളറുകളിൽ പുതിയ ക്രെറ്റ ലഭ്യമാണ്. റോബസ്റ്റ് എമറാൾഡ് പേൾ (ന്യൂ), ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്‌ലസ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നിവയാണ് വാഹനത്തിന്റെ കളർ ഓപ്ഷനുകൾ.
കിയ സെൽട്രോസ്, മാരുതി സുസുകി ഗ്രാന്റ് വിസ്താര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംബി ഹെക്ടർ, വോക്‌സ്‌വാഗൺ ടൈഗുൺ, സ്‌കോഡ കുഷാഖ്, ഹോണ്ട എലവറ്റെ എന്നിവയാണ് റോഡിൽ പുതിയ ക്രറ്റയ്ക്ക് എതിരാളിയായി ഉണ്ടാകുക.
Summary: New Hyundai Creta facelift teased, bookings open