അഞ്ച് മിനിറ്റ് ചാര്‍ജില്‍ 100 കിലോമീറ്റര്‍, ഓഡിയുടെ പുതിയ ഇലക്ട്രോണിക് കാറുകള്‍ ഇന്ത്യയില്‍

ഇ- ട്രോണ്‍ ജിടി, ആര്‍എസ് ഇ- ട്രോണ്‍ ജിടി എന്നീ മോഡലുകളാണ് പുതുതായി അവതരിപ്പിച്ചത്

Update: 2021-09-22 09:56 GMT
Editor : abs | By : Web Desk
Advertising

പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഓഡി രണ്ട് ഇലക്ട്രോണിക്  കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇ- ട്രോണ്‍ ജിടി, ആര്‍എസ് ഇ- ട്രോണ്‍ ജിടി എന്നീ മോഡലുകളാണ് പുതുതായി അവതരിപ്പിച്ചത്. ഓഡിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും ശക്തമായ ഇലക്ട്രോണിക് വാഹനമാണ് ഇ-ട്രോണ്‍ ജിടിയും ആര്‍എസ് ജിടിയും. 

390 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന ഇ-ട്രോണ്‍ ജിടിക്ക് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലേമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 4.1 സെക്കന്റ് മതി. ആര്‍എസ് വേരിയന്റിന് ഇത് 3.3 സെക്കന്റ് മാത്രമാണ്.

ഇ-ട്രോണ്‍ ജിടിക്ക് 1.79 കോടിയും ആര്‍എസ് വേരിയന്റിന്  2.04 കോടി രൂപയുമാണ് വില. ഫെബ്രുവരിയിലായിരുന്നു ഇരു മോഡലുകളും ഓഡി ലോകത്തിന് പരിചയപ്പെടുത്തിയത്. ടെസ്ല മോഡല്‍ എസ്‌പ്ലെയ്ഡ്, പോര്‍ഷെ ടെയ്ക്കണ്‍ എന്നിവരാകും പുതിയ ഓഡി കാറുകളുടെ എതിരാളികള്‍. സ്ലീക്ക് എല്‍ഇഡി ലൈറ്റുകളും  21 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പറും വാഹനത്തിന് സ്‌പോട്ടി ഫീല്‍ നല്‍കുന്നുണ്ട്.

ഇ-ട്രോണ്‍ ജിടിയ്ക്ക് പവര്‍ ഔട്ട്പുട്ട് 470 എച്ച്പി ആണ്. ആര്‍എസ് പതിപ്പ് 590 എച്ച്പി വാഗ്ദാനം ചെയ്യുന്നു. അധിക ഓവര്‍ ബൂസ്റ്റ് മോഡില്‍ ഇത് യഥാക്രമം 522 എച്ച്പി 637 എച്ച്പി എന്നിങ്ങനെ ഉയരും. 2300 കിലോഗ്രാമാണ് കാറുകളുടെ ഭാരം. 12.3 ഇഞ്ച് വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച് സ്‌ക്രീനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഇന്‍ഫോടെയിന്‍മെന്‍ഡ് ആവശ്യങ്ങള്‍ ശ്രദ്ധിക്കാനും അടുത്തുള്ള ചാര്‍ജിങ് സ്‌റ്റേഷന്‍ കണ്ടെത്താനും സഹായിക്കുന്നു.

അഞ്ച് മിനിറ്റ് ഫാസ്റ്റ് ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്‌സ് ബാക്ക് എന്നീ കാറുകള്‍ ജൂലൈയില്‍ ഓഡി പുറത്തിറക്കിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News