ബി.ജെ.പിയുടെ തന്ത്രങ്ങൾ തങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെജ്‍രിവാൾ
ആം ആദ്മി പാർട്ടിക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രതികരണം
ആം.ആദ്മി പാർട്ടിക്കെതിരായ ബി.ജെ.പിയുടെ തന്ത്രങ്ങൾ വിലപ്പോവില്ലെന്നും അത് തങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ആം.ആദ്മി പാർട്ടിക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രതികരണം.
'ഡെൽഹിയിൽ ഞങ്ങളെ തോൽപ്പിക്കാൻ അവർ ഐ.ടി ഡിപ്പാർട്ട്മെന്‍റിനേയും സി.ബി.ഐ യേയും ഡെൽഹി പോലീസിനെയും വരെ രംഗത്തിറക്കി. എന്നാൽ 62 സീറ്റ് നേടിയാണ് ഞങ്ങൾ വീണ്ടും അധികാരത്തിലേറിയത്. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലുമൊക്കെ ആം ആദ്മി അതിവേഗം വളരുന്നു. അപ്പോഴാണ് ഞങ്ങളെ തേടി ഇ.ഡി നോട്ടീസ് എത്തുന്നത്. സംശുദ്ധമായ രാഷ്ട്രീയമാണ് ജനങ്ങൾക്കാവശ്യം. ഇഡി നോട്ടീസ് കൊണ്ടൊന്നും അതിനെ തകർക്കാനാവില്ല. ബി.ജെ.പിയുടെ തന്ത്രങ്ങൾ വിലപ്പോവില്ല. ഞങ്ങളെ അത് കൂടുതൽ ശക്തിപ്പെടുത്തുകയെ ഉള്ളൂ' കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു
'മോഡി ഗവർമെന്‍റിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഏജൻസിയിൽ നിന്ന് തങ്ങൾക്കൊരു ലൗ ലെറ്റർ ലഭിച്ചിട്ടുണ്ടെന്ന്' ആം.ആദ്മി എം.എൽ.എ യും പാർട്ടി ദേശീയ വക്താവുമായ രാഗവ് ചദ്ദ നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു.