പാഴ്‌വസ്തുക്കൾക്കൊണ്ടൊരു ജീപ്പ്; തനിക്ക് തന്നാൽ ബൊലേറോ പകരം തരാമെന്ന് ആനന്ദ് മഹീന്ദ്രയുടെ ഓഫർ
ദേവരാഷ്ട്ര ഗ്രാമത്തിൽ നിന്നുള്ള ദത്താത്രയ ലോഹർ എന്നയാൾ തന്റെ മകന്റെ ആഗ്രഹപ്രകാരം പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഫോർ വീലർ വാഹനമാണ് താരം.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധപിടിച്ചുപറ്റി സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മഹാരാഷ്ട്ര സ്വദേശി നിര്‍മിച്ച ഒരു കുഞ്ഞന്‍ ജീപ്പ്. ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്നയാള്‍ തന്റെ മകന്റെ ആഗ്രഹപ്രകാരം പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിര്‍മിച്ച ഫോര്‍ വീലര്‍ വാഹനമാണ് താരം. വാഹന നിര്‍മാണ മേഖലയില്‍ പ്രചോദനമായേക്കാവുന്ന മികച്ച സൃഷ്ടി തനിക്ക് തന്നാല്‍ 'ബൊലേറോ' പകരം തരാമെന്ന ഓഫറും ആനന്ദ് മഹീന്ദ്ര നല്‍കിയിട്ടുണ്ട്. വാഹനം മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
വാഹനത്തെയും അതുണ്ടാക്കിയ വ്യക്തിയെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഒപ്പം വാഹനത്തിന്‍റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന 45 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. "ഈ വാഹനങ്ങള്‍ കൃത്യമായി നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല. പക്ഷെ, നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകള്‍ അഭിനന്ദിക്കുന്ന ഞാന്‍ അത് അവസാനിപ്പിക്കാന്‍ ഒരുക്കമല്ല, ഈ വാഹനം നിര്‍മിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട്,"എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. വിദേശ വാഹനങ്ങള്‍ക്ക് സമാനമായി ഇടതുവശത്താണ് വാഹനത്തിന്‍റെ സ്റ്റിയറിങ്ങ്. മുന്‍നിരയില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളിലായി നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ചെറിയ ടയറുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കാറിന്റെ പാര്‍ട്‌സുകളും മറ്റും ഉപയോഗിച്ച് വെറും 60,000 രൂപ ചെലവിലാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളതെന്നാണ് വിവരം. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന്റെ വിശേഷങ്ങള്‍ അറിയുന്നത്.