ചിപ്പ് ക്ഷാമം;5600 ജോലിക്കാർക്ക് അവധി കൊടുത്ത് മെഴ്‌സിഡസ് ബെൻസ്

ചെയ്ൻ ക്ഷാമത്തെ തുടർന്ന് മാർച്ചിൽ 1200 ജീവനക്കാർക്ക് സാലറി സഹിതം അവധി അനുവദിച്ചിരുന്നു

Update: 2022-04-05 10:21 GMT
Advertising

സെമി കണ്ടക്ടർ ചിപ്പ് ക്ഷാമം രൂക്ഷമായതോടെ 5600 ജോലിക്കാർക്ക് അവധി കൊടുത്ത് മെഴ്‌സിഡസ് ബെൻസ്. ബ്രസീലിലെ രണ്ടു ഫാക്ടറികളിലെ ജോലിക്കാർക്കാണ് ആഡംബര കാർ നിർമാണ കമ്പനി അവധി നൽകിയിരിക്കുന്നത്. ഏപ്രിൽ 18 മുതൽ മേയ് മൂന്നു വരെ സാവോ ബെർനാർഡോ ഡോ കാംപോ പ്ലാൻറിലെ 5000 ഉം ജ്യുയിസ് ഡെ ഫോറ ഫാക്ടറിയിലെ 600 ഉം ജീവനക്കാർക്കാണ് അവധി നൽകുക. യഥാക്രമം സാവേ പൗളോ, മിനാസ് ഗെറായ്‌സ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥാപനങ്ങൾ.


സെമി കണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ട്രക്ക്, ട്രക്ക് കാബിൻ, ബസ് ചേസിസ്, മറ്റു ഉപകരണങ്ങൾ എന്നിവയുടെ നിർമാണം കുറച്ചതായാണ് കമ്പനി അറിയിച്ചിരിക്കുകയാണ്. അതേസമയം, ചെയ്ൻ ക്ഷാമത്തെ തുടർന്ന് മാർച്ചിൽ 1200 ജീവനക്കാർക്ക് സാലറി സഹിതം അവധി അനുവദിച്ചിരുന്നതായി സാവോ ബെർനാർഡോ ഡോ കാംപോ റീജിയനിലെ മെറ്റൽ വർക്കേഴ്‌സ് യൂനിയൻ വ്യക്തമാക്കി.

എന്താണ് ചിപ്പ് ക്ഷാമം?

ആഗോള വാഹന വ്യവസായത്തെ തന്നെ മാസങ്ങളായി പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധിയാണ് സെമി കണ്ടക്ടറുകളുടെ അഥവാ ചിപ്പ് ക്ഷാമം. 1,000 മുതൽ 3,000 വരെ ചിപ്പുകൾ ഒരു ആധുനിക കാറിന്റെ നിർമാണത്തിന് ആവശ്യമാണ്. ലോകത്താകമാനമുള്ള വാഹന കമ്പനികൾ ഇതിനെ തുടർന്ന് ഉത്പാദനം വെട്ടിക്കുറച്ചിരുന്നു.

ലോകത്തിൽ ഉത്പാദിപ്പിക്കപെടുന്ന ചിപ്പുകളുടെ 18 ശതമാനവും തായ്‍വാനിൽ നിന്നാണ്. കോവിഡ് കാലത്ത് മൊബൈൽ വ്യവസായവും വാഹന വ്യവസായവും ഒരുപോലെ ചിപ്പ് ക്ഷാമം നേരിട്ടിരുന്നു. തുടർന്ന് നിരവധി കമ്പനികൾ ഉത്പാദനം നിർത്തി വെയ്ക്കുകയും ഉത്പനങ്ങൾക്കു വില വർധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ചൈനീസ് സമ്മർദത്തെ മറികടന്ന് കൂടുതൽ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് തായ്‍വാന്റെ ലക്ഷ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയും തങ്ങളുടെ ഉത്പാദനം 2021ൽ വെട്ടിക്കുറച്ചിരുന്നു. ഇതിനെതുടർന്ന് 2020 സെപ്റ്റംബറിലേക്കാൾ 84,808 കാറുകളുടെ ഉത്പാദനക്കുറവാണ് മാരുതി നേരിട്ടത്. 2020 സെപ്റ്റംബറിൽ 1,66,086 കാറുകൾ നിർമിച്ചപ്പോൾ 2021ൽ 81,278 കാറുകളാണ് നിർമിക്കപ്പെട്ടത്. ചെറിയ കാറുകളായ ആൾട്ടോയും എസ്പ്രസോയും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 30,492 എണ്ണം നിർമിച്ചപ്പോൾ 2021ൽ നിർമിക്കാനായത് 17,163 എണ്ണം മാത്രമാണ്.

Mercedes-Benz Putss 5,600 workers on leave over semiconductor chip shortage

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News