ഇന്ത്യൻ നിർമിത ഇലക്ട്രിക്ക് സ്കൂട്ടർ അമേരിക്കയിലും വിൽക്കാൻ ഒല
പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ അമേരിക്ക ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ വിൽപ്പനക്കെത്തിക്കാൻ ഒല ഇലക്ട്രിക്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്കൂട്ടർ നിർമാണ ഫാക്ടറിയാണ് ഒല തമിഴ്‌നാട്ടിൽ ഒരുക്കുന്നത്. 2022 തുടക്കം മുതലാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ അമേരിക്കയിലേക്കു കയറ്റി അയക്കാൻ കമ്പനി ഒരുങ്ങുന്നത്.
തമിഴ്‌നാട്ടിലെ ഫാക്ടറിയുടെ ആദ്യ ഭാഗത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വര്ഷം ഇരുപത് ലക്ഷം സ്‌കൂട്ടറുകൾ ഇവിടെ നിർമ്മിക്കാനാകും.ഒല ഇലക്ട്രിക്ക് സി.ഇ.ഓ ഭാവിഷ് അഗർവാൾ തന്നെയാണ് വിദേശ വിപണിയിലും ചുവടുറപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം അറിയിച്ചത്. ട്വിറ്ററിൽ ഒരു ചോദ്യത്തിന് മറുപടി ആയിട്ടാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലാണ് ഓല ഇലക്ട്രിക് 'എസ് വൺ', 'എസ് വൺ പ്രോ' ഇ സ്കൂട്ടറുകൾ അവതരിപ്പിച്ചത്. വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ ആനുകുല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സ്കൂട്ടറുകൾക്ക് പല സ്ഥലത്തും വ്യത്യസ്ത വിലയാണ്. പത്തു നിറങ്ങളിലാണ് ഓലയുടെ ഇ സ്കൂട്ടറുകൾ വിൽപനയ്ക്കുള്ളത്; റദ്ദാക്കുന്ന പക്ഷം മടക്കിനൽകുമെന്ന വ്യവസ്ഥയിൽ 499 രൂപ അഡ്വാൻസ് ഈടാക്കിയാണ് ഓല സ്കൂട്ടറിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്.
എസ് വൺ, എസ് വൺ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. സാറ്റിൻ, മാറ്റ്, ഗ്ലോസി ഫിനിഷിൽ പത്ത് നിറങ്ങളിലാണ് സ്‌കൂട്ടർ ലഭ്യമാകുക. വില എസ് 1- 99,999, എസ് 1 പ്രോ- 129,999. സംസ്ഥാനങ്ങൾ നൽകുന്ന സബ്‌സിഡിക്ക് അനുസൃതമായി വിലയിൽ കുറവുണ്ടാകും. ഇ.എം.ഐ ഓപ്ഷനുമുണ്ട്. ഒല വെറുമൊരു സ്‌കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്‌കൂട്ടറാണ് എന്നാണ് കമ്പനി സ്ഥാപകൻ ഭാവിഷ് അഗർവാൾ അവകാശപ്പെടുന്നത്.