വില 1.50 കോടി! ഇന്ത്യൻ നിരത്തില്‍ രാജാവാകാന്‍ പോർഷെ ടൈക്കാൻ
വിലനിലവാരത്തിൽ ഔഡി ഇ-ട്രോൺ, ജാഗ്വാർ ഐ-പേസ്, മെഴ്സിഡെസ് ഇക്യുസി തുടങ്ങിയ മുൻനിര വാഹനങ്ങളുടെയെല്ലാം മുൻപന്തിയിലാണ് പോർഷെയുടെ ഇലക്ട്രിക് സ്‌പോർട്‌സ് കാറായ ടൈക്കാൻ
ജർമൻ സ്‌പോർട്‌സ് കാർ നിർമാതാക്കളായ പോർഷെയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ടൈക്കാൻ. 2019 സെപ്റ്റംബറിൽ ആഗോള വിപണിയിലിറങ്ങിയ ടൈക്കാൻ ഒടുവിൽ ഇന്ത്യൻ നിരത്തുകളിലുമെത്തിയിരിക്കുകയാണ്. ടൈക്കാൻ, ടൈക്കാൻ ക്രോസ് ടൂറിസ്‌മോ വേരിയന്റുകളാണ് പോർഷെ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. വില 1.50 കോടി രൂപയും!
സ്റ്റാൻഡേഡ്, 4എസ്, ടർബോ, ടർബോ എസ് എന്നിങ്ങനെ നാല് വേരിയന്റുകളുണ്ട് ടൈക്കാനിന്. എന്നാൽ പ്രാഥമികഘട്ടത്തിലുള്ള കാറിന്റെ വില മാത്രമാണ് പോർഷെ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യത്യസ്ത എൻജിൻ കോൺഫിഗറേഷനുകളാണ് ഓരോ വേരിയന്റുകൾക്കുമുള്ളത്. പ്രാരംഭഘട്ടത്തിലുള്ള ടൈക്കാനിൽ റിയർ വീൽ ഡ്രൈവ് എൻജിൻ സംവിധാനമാണുള്ളത്. ടൈക്കാൻ 4എസിൽ ഓൾ വീൽ ഡ്രൈവ് സെറ്റപ്പാണുള്ളത്.
ടൈക്കാൻ റിയർ വീൽ ഡ്രൈവ്, 4എസ് എന്നിവ 79.2 കെഡബ്ല്യുഎച്ച് ബാറ്ററി പാക്ക് നൽകുമ്പോൾ ടർബോ, ടർബോ എസ് തുടങ്ങിയവ 93.4 കെഡബ്ല്യുഎച്ച് ബാറ്ററി പാക്ക് നൽകുന്നു. എന്നാൽ, ക്രോസ് ടൂറിസ്മോക്ക് ഒറ്റ ചാർജിൽ 456 കി.മി വരെ സഞ്ചരിക്കാനാകും. ഈ ചാർജിന് ഒന്നര മണിക്കൂർ സമയം മാത്രമേ ആവശ്യമുള്ളൂവെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടൊപ്പം ഒറ്റ ചാർജിൽ ഒൻപത് മണിക്കൂർ വരെ സഞ്ചരിക്കുന്ന വാഹനത്തിൽ 11 കെഡബ്ല്യുയുടെ എസി ചാർജറും ലഭ്യമാണ്.
വിവിധ എൻജിൻ ക്രമീകരണങ്ങളും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈക്കാൻ 408 എച്ച്.പിക്ക് റിയർ-വീൽ ഡ്രൈവ് സജ്ജീകരണം ലഭിക്കുമ്പോൾ മറ്റു ടെയ്ക്കാൻ മോഡലുകളിൽ സാധാരണ രീതിയിലുള്ള ഗുണമേന്മയേ ലഭിക്കുന്നുള്ളു. ഈ സജ്ജീകരണങ്ങൾക്കൊപ്പം രണ്ട് ആക്സിലുകളിലും ഇലക്ട്രിക്ക് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ ഓവർ ബൂസ്റ്റ് ആക്ടിവേറ്റ് ചെയ്തതോടെ 530 കി.മീറ്ററെന്ന ഉയർന്നവേഗതയിൽ സഞ്ചരിക്കാനാകും. എന്നാൽ, 4എസ്സിന് നാല് സെക്കൻഡിൽ നൂറു കി.മീ വരെ വേഗതയും ടൈക്കാൻ ക്രോസ് ടൂറിസ്മോ 4എസ്സന് 571 കി.മീ വരെ വേഗതയും കൈവരിക്കാനാകും.
8.4 ഇഞ്ചിന്റെ ടച്ച് സ്‌ക്രീൻ ഡിവൈസ്, നാല് സീറ്റുകൾ, 16.8 ഇഞ്ചിന്റെ ഡിജിറ്റൽ ഉപകരണ യൂനിറ്റ് എന്നിവയാണ് ടൈക്കാൻ കാബിനകത്തുള്ളത്. ചാർജിങ് സ്റ്റേഷനുകൾ അറിയാനായി ചാർജ് മാപ്പ് സൗകര്യവും ലഭ്യമാണ്.
മത്സരത്തിന്റെ കാര്യത്തിൽ പോർഷെ ടൈക്കാൻ, ഔഡി ഇ-ട്രോൺ ജിടിക്ക് എതിരാളിയാണ്. വിലനിലവാരത്തിൽ ഔഡി ഇ-ട്രോൺ, ജാഗ്വാർ ഐ-പേസ്, മെഴ്സിഡെസ് ഇക്യുസി തുടങ്ങിയ മുൻനിര വാഹനങ്ങളുടെയെല്ലാം മുൻപന്തിയിലുമാണ് ടൈക്കാൻ.