ഒല സ്‌കൂട്ടറിന് പിന്നാലെ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി
ഇ-സ്‌കൂട്ടര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 203 കിലോമീറ്റര്‍ ഇക്കോ മോഡിലും ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍ (ഐഡിസി) മോഡില്‍ 236 കിലോമീറ്ററും നല്‍കും. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഇതിന് 0 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത 3.6 സെക്കന്‍ഡിലും 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത 2.95 സെക്കന്‍ഡിലും ലഭിക്കും.
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ സിമ്പിള്‍ എനര്‍ജി വണ്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.10 ലക്ഷം രൂപയാണ് സബ്‌സിഡിയില്ലാതെ എക്‌സ് ഷോറൂം വില. ഞായറാഴ്ച മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്‌കൂട്ടര്‍ ബുക്കിങ് ആരംഭിച്ചു.
സ്‌കൂട്ടറിന് 4.5 KW പവര്‍ ഔട്ട്പൂട്ടും 72 Nm ടോര്‍ക്കും ലഭിക്കും. ഇ-സ്‌കൂട്ടര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 203 കിലോമീറ്റര്‍ ഇക്കോ മോഡിലും ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍ (ഐഡിസി) മോഡില്‍ 236 കിലോമീറ്ററും നല്‍കും. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഇതിന് 0 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത 3.6 സെക്കന്‍ഡിലും 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത 2.95 സെക്കന്‍ഡിലും ലഭിക്കും.
സിമ്പിള്‍ എനര്‍ജിയില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറില്‍ 4.8 kWh പോര്‍ട്ടബിള്‍ ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ആറ് കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളതാണ് ഇത്. വേര്‍പെടുത്താവുന്നതും കൊണ്ടുപോകാവുന്നതുമായ ഈ ബാറ്ററി വീടുകളില്‍ ചാര്‍ജ് ചെയ്യുന്നത് സൗകര്യപ്രദമാക്കും.
4ജി ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് സ്‌കൂട്ടറിനുള്ളത്. മ്യൂസിക്, നാവിഗേഷന്‍, ഫോണ്‍ കോള്‍ നിയന്ത്രണം, വെഹികിള്‍ ട്രാക്കിങ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.
1.10 ലക്ഷം രൂപയാണ് സ്ബ്‌സിഡിയില്ലാതെ സിമ്പിള്‍ വണ്‍ സ്‌കൂട്ടറിന്റെ വില. ടി.വി.എസ് ഐക്യൂബ് (1.01 ലക്ഷം), ഓല എസ്1 (1 ലക്ഷം) എന്നീ മോഡലുകളെകാള്‍ കൂടുതലാണ് സിമ്പിള്‍ വണിന്റെ വില. അതേസമയം ആതര്‍ 450 പ്ലസ് (1.13 ലക്ഷം), ബജാജ് ചേതക് (1.42 ലക്ഷം) എന്നീ മോഡലുകളെക്കാള്‍ കുറവാണ്. എന്നിരുന്നാല്‍ സര്‍ക്കാര്‍ സ്ബസിഡിക്ക് ശേഷമുള്ള വിലയാണ് മറ്റു സ്‌കൂട്ടറുകളുടേത്. സിമ്പിള്‍ വണ്ണിനും സബ്‌സിഡി വില നിലവില്‍ വരുമ്പോള്‍ ഇലക്ട്രോണിക് സ്‌കൂട്ടര്‍ വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.