കേരളത്തിൽ വിവാദമായ എസ്.യു.വി, തമിഴ്‌നാട്ടിൽ മുഖ്യന്‍റെ സുരക്ഷാ വാഹനം
വെള്ളയും കറുപ്പും നിറത്തിലുള്ള ഡിഫൻഡർ 5 ഡോർ പതിപ്പാണ് സ്റ്റാലിന്‍ സ്വന്തമാക്കിയിരിക്കുന്നത്
കേരളത്തില്‍ കൊടുമ്പിരികൊണ്ട ഒരു വിവാദത്തിലെ സുപ്രധാന ഘടകമായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നായ ലാൻഡ്റോവർ ഡിഫൻഡർ. നടന്‍ ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തകര്‍ത്തുകളഞ്ഞതോടെയാണ് ഡിഫന്‍ഡര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ് ഈ പഹയന്‍. ഇത്തവണ വിവാദമായല്ല, തമിഴ്നാട് മുഖ്യന്‍ എം.കെ സ്റ്റാലിന്‍റെ സുരക്ഷാ വാഹനമായാണ് രംഗപ്രവേശം.
ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളും നിലപാടുകൾകൊണ്ട് വ്യത്യസ്തനുമായ സ്റ്റാലിൻ തെരഞ്ഞെടുത്തതോടെ ലാൻഡ്റോവറിന്റെ പ്രൗഢി ഒന്നുകൂടി വര്‍ധിച്ചു. വെള്ള നിറത്തോട് ഏറെ ആഭിമുഖ്യമുള്ള സ്റ്റാലിൻ, തന്റെ പാർട്ടിയുടെ നിറങ്ങളിൽ ഒന്നായ കറുപ്പുംകൂടി ചേർത്ത് ഇരട്ട നിറമുള്ള ഡിഫൻഡർ 5 ഡോർ പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചെന്നൈയിലെ റോഡിലൂടെ വാഹനവ്യൂഹത്തിനൊപ്പം ഡിഫൻഡറിൽ പോകുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡിഫൻഡർ ഓടിക്കുന്ന സ്റ്റാലിനേയും അടുത്തിടെ വീഡിയോകളിൽ കണ്ടിരുന്നു.
കന്യാകുമാരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും പ്രമുഖ വ്യവസായിയുമായ വിജയ് വസന്തും അടുത്തിടെ ഡിഫൻഡർ വാങ്ങിയിരുന്നു. ചുവപ്പ് നിറത്തിലുള്ള ഡിഫൻഡർ 110 ആയിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്.
2020 ഒക്ടോബർ 15നാണ് പുതുതലമുറ ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ് കുറഞ്ഞ വേരിയന്‍റിന്‍റെ വില. ഉയർന്ന വകഭേദത്തിന് ഒരു കോടിയിലധികം വിലവരും. 2.0 ലിറ്റർ, നാല് സിലിണ്ടർ, ബി.എസ്. 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 292 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.