നിസാരനല്ല ഈ സൂപ്പർ കാർ, പുലിയാണ്; ലേലത്തിൽ ലഭിച്ചത് 152.42 കോടി
സൂപ്പർ കാറായ മക്ലാരൻ എഫ് വണ്ണാണ് ലേല റെക്കോർഡുകൾ അട്ടിമറിച്ചത്
കാലിഫോർണിയയിലെ പെബ്ബിൾ ബീച്ചിൽ നടന്ന കാർ ലേലം ഈ വർഷത്തെ ലേലത്തുകകളെയെല്ലാം കടത്തിവെട്ടി. സൂപ്പർ കാറായ മക്ലാരൻ എഫ് വണ്ണാണ് ലേല റെക്കോർഡുകൾ അട്ടിമറിച്ചത്. 20.5 മില്യൺ ഡോളർ അഥവാ 152.42 കോടി രൂപക്കാണ് വാഹനം ലേലം ചെയ്യപ്പെട്ടത്. ഗുഡിങ് ആൻഡ് കമ്പനിയാണ് വാഹനം ലേലത്തിൽവച്ചത്.
വാഹനലോകത്തെ ആദ്യ ആധുനിക സൂപ്പർ കാറെന്നാണ് മക്ലാരൻ എഫ് വൺ അറിയപ്പെടുന്നത്. 1992 നും 1998 നും ഇടയിൽ ആകെ 106 ഏഫ് വണ്ണുകൾ മാത്രമേ മക്ലാരൻ നിർമിച്ചിട്ടുള്ളൂ. അതിനാൽ അവ അപൂർവ്വമായി മാത്രമെ ലേലം ചെയ്യപ്പെടാറുള്ളൂ. ലോകമെമ്പാടുമുള്ള വാഹന പ്രേമികൾ എഫ് വണ്ണിന്റെ ലേലത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
600 കുതിരശക്തിയുള്ള 6 ലിറ്റർ വി 12 എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 240 മൈലാണ് പരമാവധി വേഗം. ആദ്യത്തെ ഫോർമുല വൺ കാർ എന്നാണ് എഫ് വൺ പറയപ്പെടുന്നത്. 1990 കളുടെ മധ്യത്തിലാണ് മക്ലാരൻ എഫ് വൺ നിർമിച്ചത്. അന്ന് 800,000 മുതൽ 1 ദശലക്ഷം ഡോളർ വരെയാണ് വാഹനത്തിന് വിലയിട്ടിരുന്നത്. ആ സമയത്ത് ഉയർന്ന വിലയെ പലരും പരിഹസിച്ചിരുന്നു. എന്നാൽ പതിയെ എഫ് വണ്ണിന്റെ മൂല്യം ഉയരാൻ തുടങ്ങി.
പലരും തങ്ങളുടെ മികച്ച നിക്ഷേപമായാണ് എഫ് വണ്ണിനെ കാണുന്നത്. 2019ൽ മക്ലാരൻ എഫ് വൺ 19.8 മില്യൺ ഡോളറിന് പ്രമുഖ ലേല സ്ഥാപനമായ സോത്തബി വിറ്റിരുന്നു. പുതിയ വിൽപ്പനയോടെ ഈ റെക്കോർഡാണ് പഴങ്കഥയായത്. വാഹനം വാങ്ങിയത് ആരെന്ന് ലേല കമ്പനി വെളിപ്പെടുത്തിയിട്ടില്ല.