5 മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോമീറ്റർ: ഇലക്ട്രിക്ക് സ്‌കൂട്ടറുകളുമായി ടിഎൻആർ കേരളത്തിലും
സർക്കാർ സബ്‌സിഡിയോട് കൂടി വാങ്ങാവുന്ന സ്കൂട്ടറുകളുടെ സംസ്ഥാനത്തെ വിതരണക്കാരായ ഇലക്ട്രോ ഗ്രീൻ മോട്ടോഴ്സിന്റെ ആദ്യ ഷോറൂം കൊച്ചിയിൽ തുറന്നു.
പെട്രോൾ വില നൂറ് രൂപക്ക് മുകളിലായതോടെ ഇരുചക്ര വാഹന യാത്ര ഉപേക്ഷിക്കാനൊരുങ്ങുന്നവർക്ക് സന്തോഷ വാർത്ത. ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ടി.എൻ.ആറിന്റെ സ്കൂട്ടറുകൾ കേരളത്തിലും എത്തി.
സർക്കാർ സബ്‌സിഡിയോട് കൂടി വാങ്ങാവുന്ന സ്കൂട്ടറുകളുടെ സംസ്ഥാനത്തെ വിതരണക്കാരായ ഇലക്ട്രോ ഗ്രീൻ മോട്ടോഴ്സിന്റെ ആദ്യ ഷോറൂം കൊച്ചിയിൽ തുറന്നു. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 50 കിലോ മീറ്റർ സ്കൂട്ടറിൽ സഞ്ചരിക്കാൻ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ സഞ്ചരിക്കാമെന്ന വാഗ്ദാനവുമയാണ് ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ടി.എൻ.ആർ സ്കൂട്ടറുമായി കേരളത്തിൽ എത്തുന്നത്.
മാസം 3000 രൂപക്ക് പെട്രോൾ അടിച്ച് ജോലിക്ക് പോകുന്നവർക്ക് 400 രൂപ മാത്രമേ ചിലവ് വരികയുള്ളുവെന്ന് കമ്പനി പറയുന്നു. ഇലക്ട്രോ ഗ്രീൻ മോട്ടോർസ് രജിസ്ട്രേഷൻ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ 8 മോഡൽ സ്കൂട്ടറുകൾ ടി.എൻ.ആർ വിപണിയിൽ എത്തിക്കുന്നുണ്ട്. തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 70 ഷോറൂമുകൾ കൂടി ഇലക്ട്രോ ഗ്രീൻ മോട്ടോർസ് വരും മാസങ്ങളിൽ തുറക്കുന്നുണ്ട്.