സബ്സ്ക്രിപ്ഷനിലൂടെ കാറുകൾ സ്വന്തമാക്കാം ; അവസരമൊരുക്കി ഫോക്സ് വാഗൺ
24, 36, 48 മാസ കാലയളവുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം പ്ലാനുകൾ തെരഞ്ഞെടുക്കാം
16,500 രൂപ മുതൽ തുടങ്ങുന്ന പ്രതിമാസ സബ്സ്ക്രിപ്ഷനിലൂടെ കാറുകൾ സ്വന്തമാക്കാനുള്ള അവസരവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫോക്സ് വാഗൺ. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവ്വീസ് ലിമിറ്റഡുമായി ചേർന്നാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഫോക്സ് വാഗൺ ഒറിക്സ് ഓട്ടോ ലിമിറ്റഡുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി , പൂനെ, ബാഗ്ലൂർ, ഹൈദരബാദ് , അഹമ്മദാബാദ് , ചെന്നൈ എന്നീ പ്രധാന നഗരങ്ങളിലായിരിക്കും സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുക. ടി-റോക്ക് , വെൻ്റോ , പോളോ തുടങ്ങിയ തെരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമായിരിക്കും സബ്സ്ക്രിപ്ഷൻ ലഭ്യമാവുക.
സബ്സ്ക്രിപ്ഷനിലൂടെ വാങ്ങുന്ന കാറുകൾ സ്വകാര്യ വാഹനങ്ങളായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതിൽ ഇളവുകൾ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 24, 36, 48 മാസ കാലയളവുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം പ്ലാനുകൾ തെരഞ്ഞെടുക്കാം. 16,500 രൂപ മുതലാണ് പോളോയുടെ സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നത്. വെൻ്റോയുടെ പ്ലാൻ ആരംഭിക്കുന്നത് 27,000 രൂപയിൽ നിന്നാണ്. മാസം 59,000 രൂപ മുടക്കിയാൽ ടി-റോക്കും സ്വന്തമാക്കാം
എന്നാൽ ഈ മാസം 23 ന് ഇന്ത്യയിലെത്തുന്ന ഫോക്സ് വാഗൺ ടൈഗൺ എസ്യുവിയെ പുതിയ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കുന്നതിനായാണ് കമ്പനി പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്.