ലോകത്തെ ഏറ്റവും ഉയരം കൂടിയ ചാര്‍ജിങ് സ്റ്റേഷന്‍ ഇന്ത്യയില്‍, പ്രത്യേകതകള്‍ അറിയാം
ടൂ വീലര്‍, ഫോര്‍ വീലര്‍ എന്നിങ്ങനെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം.
പുനെ ആസ്ഥാനമായ ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഗോ എഗോ നെറ്റ് വര്‍ക്ക് ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ കാസയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്‌റ്റേഷന്‍ ആരംഭിച്ചു. 3800 മീറ്റര്‍ ഉയരത്തിലുള്ള സ്‌റ്റേഷന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനാണ്. ഒരേ സമയം രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന ഡ്യുവല്‍ സോക്കറ്റുകളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ടൂ വീലര്‍, ഫോര്‍ വീലര്‍ എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം.
ഹിമാചല്‍ പ്രദേശിലെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടിവിഎസുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. കാസ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മഹേന്ദ്ര പ്രതാപ് സിങ്ങിനൊപ്പം വനിത റൈഡേഴ്‌സും ചേര്‍ന്ന് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ബൈക്ക് റൈഡേഴ്‌സിന്റെ ഇഷ്ട റൂട്ടാണ് മണാലി-കാസ, അന്തരീക്ഷ മലിനീകരണമില്ലാത്ത ഭാവിക്കുവേണ്ടി ഹിമാചല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സര്‍വ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. റൈഡേഴ്‌സിന് വിജയകരമായി യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന് പ്രതാപ് സിങ് ആശംസിച്ചു.
''ഇന്ത്യയില്‍ ഇലക്ട്രോണിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ ചാര്‍ജിങ് സ്‌റ്റേഷനുകളും അധികമായി ഉണ്ടാകേണ്ടതുണ്ട്. മികച്ച ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' ഗോ എഗോ നെറ്റ് വര്‍ക്ക് സ്ഥാപകനും സിഇഒയുമായ ദീമന്‍ കദം പറഞ്ഞു.
അതേസമയം, രാജ്യത്ത് 20000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ എന്ന പദ്ധതിക്ക് ഹീറോ തുടക്കമിട്ടു. ആദ്യ ഘട്ടത്തില്‍ 2022 ഓടെ 10000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ഹീറോ ഇലക്ട്രിക് സോഹിന്ദര്‍ ഗില്‍ പറഞ്ഞു.