'ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാര്‍'; വില 35 കോടി രൂപ

കാറിലെ ഡബ്ല്യു 16 ക്വാഡ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണു ബൊലിഡിനു കിടയറ്റ പ്രകടനക്ഷമത സമ്മാനിക്കുന്നത്

Update: 2021-10-06 15:14 GMT
Editor : Dibin Gopan | By : Web Desk
Advertising

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പര്‍ കാര്‍ തെരഞ്ഞെടുക്കാനായി പാരിസിലെ രാജ്യാന്തര ഓട്ടമൊബീല്‍ ഫെസ്റ്റിവലില്‍ നടന്ന വോട്ടെടുപ്പില്‍ ബ്യുഗാറ്റി ബൊലിഡ് ഒന്നാമത്. ആശയമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷമാണു ബ്യുഗാറ്റി ഈ ഹൈപ്പര്‍ കാര്‍ അനാവരണം ചെയ്തത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാര്‍ എന്ന നിലയിലാണു ബ്യുഗാറ്റി എന്‍ജീനീയര്‍മാരും ഡിസൈനര്‍മാരും ബൊലിഡ് സാക്ഷാത്കരിച്ചത്. കാറിലെ ഡബ്ല്യു 16 ക്വാഡ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണു ബൊലിഡിനു കിടയറ്റ പ്രകടനക്ഷമത സമ്മാനിക്കുന്നത്.

വാഹനഭാരവും കരുത്തുമായുള്ള അനുപാതത്തെപ്പറ്റി ബ്യുഗാറ്റി സ്ഥാപകന്‍ ഏറ്റോറി ബ്യുഗാറ്റി പിന്തുടര്‍ന്ന സിദ്ധാന്തത്തില്‍ നിന്നു പ്രചോദിതമാണു ബൊലിഡ് എന്നും ബ്യുഗാറ്റി സ്‌പെഷല്‍ പ്രോജക്ട്‌സ് വിഭാഗം ഡിസൈന്‍ മേധാവി നില്‍സ് സാഞ്ചോസ് വിശദീകരിക്കുന്നു.

വരുന്ന മൂന്നു വര്‍ഷത്തിനിടെ ഹൈപ്പര്‍ കാറായ ബൊലിഡിന്റെ 40 യൂണിറ്റ് മാത്രം നിര്‍മിച്ചു വില്‍ക്കാനാണു ബ്യുഗാറ്റിയുടെ പദ്ധതി. 40 ലക്ഷം യൂറോ(ഏകദേശം 35 കോടി രൂപ) യാണു കാറിനു വില പ്രതീക്ഷിക്കുന്നത്; ആദ്യ 'ബൊലിഡ്' മിക്കവാറും 2024ല്‍ വില്‍പ്പനയ്ക്കു തയാറാവുമെന്നും ബ്യുഗാറ്റി കരുതുന്നു. പാരിസില്‍ ഏറ്റവും ഭംഗിയുള്ള ഹൈപ്പര്‍ കാറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിരത്തിലെത്തുന്ന ബൊലിഡിന്റെ സാങ്കേതികവിഭാഗത്തിലും രൂപത്തിലുമൊക്കെ ചില്ലറ വ്യത്യാസങ്ങള്‍ക്കു സാധ്യതയുണ്ടെന്നു ബ്യുഗാറ്റി വ്യക്തമാക്കുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News