ഒല തരംഗം; 21,000 കോടിയിലേക്ക് കുതിച്ച് ഭവിഷ് അഗർവാളിന്റെ ആസ്തി

ഇന്ത്യൻ ഓഹരിവിപണിയിൽ മികച്ച നേട്ടമാണ് ഒല സ്വന്തമാക്കിയത്

Update: 2024-08-21 05:43 GMT
Advertising

മുംബൈ: ഇലക്ട്രിക് സ്കൂട്ടറിലെ യാ​ത്ര​ പോലെ വലിയ ഒച്ചപ്പാടുക​ളുമൊന്നുമില്ലാതെയാണ് ഭവിഷ് അഗർവാൾ എന്ന ചെറുപ്പക്കാരൻ ജീവിതയാത്ര ആരംഭിക്കുന്നത്. സ്വപ്നങ്ങൾക്ക് പിന്നാലെ നിശബ്ദമായി ആ യുവാവ് നടന്നു. പരിഹാസങ്ങളും വെല്ലുവിളികളും ഒച്ചയെടുത്തിട്ടും ഭവിഷ് മുന്നോട്ട് തന്നെ പോയി. ഒല എന്ന ഇലക്ട്രിക് സ്കൂട്ടർ പിറക്കുന്നത് അവിടെയാണ്. പരിഹസിച്ചവർ തന്നെ ഒല സ്കൂട്ടറിന്റെ ചന്തം നോക്കി നിന്നുവെന്നത് കഥയല്ല. ഇന്നിതാ ആ ഒലയിലുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് 38 കാരനായ പഞ്ചാബ് സ്വദേശി.

ഇന്ത്യയുടെ ഇരുചക്ര വാഹനവിപണിയിൽ ഇലക്ട്രിക് തരംഗമുണ്ടാക്കി പിടിച്ചുലച്ച ​പേരാണ് ഒല. ഭവിഷ് അഗർവാൾ എന്ന ചെറുപ്പക്കാര​ൻ ഒലയുമായി വിപണിയിലെത്തുമ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു. എന്നിട്ടും ഇന്ത്യയിൽ തരംഗം സൃഷ്ടിക്കാൻ ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ഓഹരി വിപണിയിലും ഒല പുതുചരിത്രം രചിച്ചിരിക്കുകയാണ്.

ഇന്ത്യൻ ഓഹരിവിപണിയിൽ മികച്ച നേട്ടമാണ് പ്രാരംഭ ഓഹരി വിൽപനയിലുടെ (ഐ.പി.ഒ) ഒല സ്വന്തമാക്കിയത്. വിപണിയിലിറങ്ങിയതിന് പിന്നാലെ ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഓഹരി മൂല്യം ഇരട്ടിയായാണ് വർദ്ധിച്ചത്. നിക്ഷേപകർക്ക് ചാകരയാണ് ഒല സമ്മാനിച്ചതെന്നാണ് കണക്കുകൾ പറയുന്നത്.

ഇതിലേറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആ ചെറുപ്പക്കാരൻ തന്നെയാണ്. സി.ഇ.ഒ ഭവിഷ് അഗർവാൾ. അദ്ദേഹത്തിന്റെ ആസ്തി 21,000​ കോടിയിലേക്കാണ് ഉയർന്നിരിക്കുന്നത്. കമ്പനിയിൽ 30.02% ഓഹരിയാണ് അഗർവാളിനുള്ളത്. അതായത് 1,32,39,60,029 ഓഹരികൾ ഇതിന്റെ മൂല്യമാണ് 20,856 കോടി രൂപയിലേക്ക് ഉയർന്നത്. അതായത് 2.48 ബില്യൺ ഡോളറിന്റെ ആസ്തി.

76 രൂപയിൽ നിന്ന് ഓഹരി 157.53 രൂപയിലേക്കാണ് വർദ്ധിച്ചത്. 107 ശതമാനമാണ് ഒലയുടെ ഓഹരി ഉയർന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളോട് ഇപ്പോഴും വാഹനപ്രേമികൾ വലിയ താൽപര്യമൊന്നും കാണിക്കാറില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നിട്ടും ഒല ഇലക്ട്രിക്കിന്റെ ഓഹരി വിലയിലുണ്ടായ വർദ്ധനവ് ഇ.വി വിപണിക്ക് പ്രതീക്ഷ നൽകുന്നതാണ്.

ചൈനയെ മാറ്റി നിർത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഒല ഇലക്ട്രിക് എന്നാണ് കമ്പനിയുടെ അവകാശ വാദം

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News