‘ഇ വിറ്റാര’ അവതരിപ്പിച്ചു; ഇന്ത്യയിലെ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ
2025 മാർച്ചോടെ വാഹനം വിപണിയിലെത്തും
മാരുതി സുസുക്കി ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനിലാണ് അനാവരണം നടന്നത്. നേരത്തേ കമ്പനി പുറത്തുവിട്ട ‘ഇവിഎക്സ്’ കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഇ വിറ്റാര. നിലവിൽ വിപണിയിലുള്ള ടാറ്റ കർവ്, എംജി ഇസഡ്എസ് ഇവി, ഉടൻ വരാൻ പോകുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവി, മഹീന്ദ്ര ബിഇ05 എന്നിവക്കിടയിലേക്കാകും ഇ വിറ്റാരയുടെ വരവ്.
സുസുക്കിയുടെ ആഗോള മോഡലായ ഇ വിറ്റാര ഗുജറാത്തിലെ പ്ലാന്റിലായിരിക്കും നിർമിക്കുക. ഉൽപ്പാദനത്തിന്റെ 50 ശതമാനവും ജപ്പാനിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാൽ തന്നെയാണ് വാഹനം ഇന്ത്യ ഒഴിവാക്കി ആദ്യമായി ഇറ്റലിയിൽ അവതരിപ്പിക്കാൻ കാരണം. 2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ വാഹനം പ്രദർശിപ്പിക്കും. മാർച്ചോടുകൂടി ഇന്ത്യയിൽ വിൽപ്പനയും ആരംഭിക്കുമെന്നാണ് വിവരം. ഇതിനുശേഷം ജൂണിൽ യൂറോപ്പിലും വാഹനം പുറത്തിറക്കും.
ഇവിഎക്സ് കൺസപ്റ്റ് മോഡൽ 2023 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ എക്സപോയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിനോട് സമാനമായ രൂപത്തിൽ തന്നെയാണ് ഇപ്പോൾ ഇ വിറ്റാരയുമുള്ളത്. മുൻവശത്ത് ലോഗോക്ക് ഉള്ളിലാണ് ചാർജിങ് പോർട്ട്. ഓൾവീൽ ഡ്രൈവ് മോഡലിൽ 19 ഇഞ്ച് ടയറും മറ്റു മോഡലുകളിൽ 18 ഇഞ്ചുമാണ് ഉണ്ടാവുക. പഴയ സ്വിഫ്റ്റിൽ കണ്ടിരുന്നതിന് സമാനമായി പിൻഡോറിന്റെ ഹാൻഡിൽ നൽകിയിട്ടുള്ളത് സി പില്ലറിലാണ്. കറുപ്പ് നിറത്തിലുള്ള ക്ലാഡിങ് എസ്‍യുവി രൂപത്തിന് കൂടുതൽ പകിട്ടേകുന്നു.
4275 എംഎം നീളവും 1800 എംഎം വീതിയും 1635 ഉയരവുമാണ് വാഹനത്തിനുള്ളത്. ഹ്യുണ്ടായ് ക്രെറ്റ ഇവിക്ക് സമാനമാണിത്. അതേസമയം, 2700 എംഎം ആണ് ഇ വിറ്റാരയുടെ വീൽബേസ്. ഇത് ക്രെറ്റയേറ്റാക്കൾ കൂടുതലാണ്. 180 എഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.
പുതിയ പ്ലാറ്റ്ഫോം, പുതിയ വാഹനം
ഹെർട്ടെക്റ്റ്-ഇ എന്ന പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. ബോൺ ഇലക്ട്രിക്കിനോടൊപ്പം എസ്‍യുവിയുടെ കരുത്തും നൽകുന്നതാണ് ഈ പ്ലാറ്റ്ഫോം. സുസുക്കി ഇആക്സ്ൽസ് എന്ന വിളിക്കുന്ന മോട്ടോറും ഇൻവെർട്ടറും സംയോജിപ്പിക്കുന്ന ഘടകമാണ് മറ്റൊരു പ്രത്യേകത. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടോയുടെ സഹകരണത്തോടെയാണ് ഈ പ്ലാറ്റ്ഫോം നിർമിച്ചിട്ടുള്ളത്. ഇ-വിറ്റാരക്ക് സമാനമായ വാഹനം ടൊയോട്ട 2025ൽ പുറത്തിറക്കുമെന്നാണ് വിവരം.
49, 61 കിലോവാട്ടുകളിലായി രണ്ട് ബാറ്ററികളാണ് ഇ വിറ്റാര വാഗ്ദാനം ചെയുന്നത്. ചൈനീസ് ഭീമനായ ബിവൈഡി പൂർണമായും നിർമിച്ച് നൽകുന്ന ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് മാരുതിയും ടൊയോട്ടയും ഉപയോഗിക്കുക. അതേസമയം, ഈ ബാറ്ററികൾ എത്ര റേഞ്ച് നൽകുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 61 കിലോവാട്ടിന്റേത് 500 കിലോമീറ്ററായിരിക്കും റേഞ്ച് എന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.
മാരുതിയുടെ ഇതുവരെ കണ്ട വാഹനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഇന്റീരിയർ ഡിസൈനാണ് ഇ വിറ്റാരക്ക് വനൽകിയിട്ടുള്ളത്. ഫ്ലോട്ടിങ് ഡ്യുവൽ സ്ക്രീൻ ഇൻഫോടെയ്ൻമെന്റും ഇൻസ്ട്രുമെന്റ് കൺസോളുമെല്ലാം സമകാലികമാണ്. ട്വിൻ സ്പോക് ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ ഏറെ വ്യത്യസ്ത നൽകുന്നു.
ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഡിസന്റ് കൺട്രോൾ, സിംഗിൾ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലസ് ഫോൺ ചാർജർ, ഹീറ്റഡ് മിററുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമ്പന്നമാണ് ഇ വിറ്റാര. കൂടാതെ അഡാസിന്റെ ഭാഗമായി അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ് അസിസ്റ്റ് എന്നിവയെല്ലാം ഈ വാഹനത്തിലുണ്ട്. ഈ ഫീച്ചറുകൾ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ട്രെയിൽ ഉൾപ്പെടെ വ്യത്യസ്ത ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ടാകും.
2024 ഒക്ടോബറിൽ ഇ വിറ്റാര വിപണിയിലെത്തിക്കാനായിരുന്നു കമ്പനി വിചാരിച്ചിരുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഇത് ആറ് മാസത്തേക്ക് നീട്ടുകയായിരുന്നു. പരീക്ഷണ ഓട്ടങ്ങളിൽ കണ്ടെത്തിയ എല്ലാവിധ പ്രശ്നങ്ങളും തീർത്തുകൊണ്ടാണ് വാഹനം പുറത്തിറക്കുകയെന്ന് സുസുക്കി പ്രസിഡന്റ് ടൊഷിഹിറോ സുസുക്കി വ്യക്തമാക്കി. ഇന്ത്യയിൽ 49 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന്റെ എക്സ് ഷോറൂം വില 20 ലക്ഷം മുതൽ ആരംഭിക്കുമെന്നാണ് സൂചന. 61 കിലോവാട്ടിന്റേതാണ് 25 ലക്ഷം മുതലാകും. ഓൾവീൽ ഡ്രൈവ് പതിപ്പിന്റെ വില 30 ലക്ഷത്തിന് മുകളിലാകും.