സ്റ്റീയറിങ്ങും പെഡലുകളുമില്ല; ഭാവിയുടെ ടാക്സിയും വാനും അവതരിപ്പിച്ച് ടെസ്‍ല

30,000 യു.എസ് ഡോളറാകും (25 ലക്ഷം രൂപ) സൈബർ കാബിന്റെ വില

Update: 2024-10-11 13:03 GMT
Advertising

കാലിഫോർണിയ: ലോകത്തെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ല തങ്ങളുടെ പുതിയ റോബോടാക്സി കാറായ ‘സൈബർ കാബ്’ അവതരിപ്പിച്ചു. കമ്പനി സിഇഒ ഇലോൺ മസ്ക് ആണ് വാഹനം അവതരിപ്പിച്ചത്. പരമാവധി 30,000 യുഎസ് ഡോളറാകും (25 ലക്ഷം രൂപ) ഇതിന്റെ വിലയെന്ന് ഇലോൺ മസ്ക് പറഞ്ഞു.

കാലിഫോർണിയയിലെ പ്രശസ്തമായ വാർണർ ബ്രോസ് സ്റ്റുഡിയോയിലാണ് സൈബർ കാബിന്റെ അവതരണം നടന്നത്. ഇതോടൊപ്പം റോബോവാനും മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയും അവതരിപ്പിച്ചു. സൈബർകാബിലാണ് ഇലോൺ മസ്ക് ചടങ്ങിലേക്കെത്തിയത്.

സൈബർ കാബിൽ സ്റ്റീയറിങ് വീലോ പെഡലുകളോ ഇല്ലെന്ന് മസ്ക് പറഞ്ഞു. വാഹനത്തിനകത്തെ വലിയ സ്ക്രീനാണ് കാര്യങ്ങൾ നിയന്ത്രിക്കാനുള്ളത്. വാഹനം ചാർജ് ചെയ്യാൻ പ്ലഗ് കൂടാതെയുള്ള സംവിധാനവും ഉണ്ടാകും. ടെസ്‍ലയുടെ വിഖ്യാത വാഹനമായ സൈബർ​ ട്രക്കിന്റെ ഡിസൈനെ അനുസ്മരിപ്പിക്കുന്നതാണ് സൈബർ കാബും. കമ്പനിയുടെ ഏറ്റവും നൂതനമായ ഓട്ടോണോമസ് സംവിധാനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ചടങ്ങിൽ 20 സൈബർ കാബുകളാണ് പ്രദർശിപ്പിച്ചത്. പരിപാടിയിൽ പ​ങ്കെടുത്തവർക്ക് വാഹനത്തിൽ സഞ്ചരിക്കാനുള്ള അവസരവും നൽകുകയുണ്ടായി. ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള സൈബർകാബിന്റെ നിർമാണം 2027ന് മുമ്പ് തുടങ്ങുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.

ഓട്ടോണോമസ് കാറുകൾ ഉടമ ഉപയോഗിക്കാത്തപ്പോൾ ഊബർ പോലുള്ള ടാക്സി സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മസ്ക് പറയുന്നു. കൂടാതെ വാഹനങ്ങൾ ഓട്ടോണോമസ് ആകുന്നതോടെ ഉപഭോക്താക്കൾക്ക് സമയം ഏറെ ലാഭിക്കാനാകും. ഇത് ഒരുപാട് ജീവനുകൾ രക്ഷിക്കും. പരിക്കുകളിൽനിന്ന് ആളുകളെ സംരക്ഷിക്കുമെന്നും മസ്ക് പറയുന്നു.

ദശലക്ഷക്കണക്കിന് വാഹനങ്ങളിൽനിന്ന് ടെസ്‍ല വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആളുകൾ ഓടിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് ഓട്ടോണോമസ് വാഹനങ്ങൾ. ഇവ ഒരിക്കലും തളരില്ല, അവ ഡ്രൈവ് ചെയ്യുമ്പോൾ മെസ്സേജുകൾ അയക്കില്ല. അതിനാൽ തന്നെ മനുഷ്യരേക്കാൾ 30 ഇരട്ടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ സിംപിളായിട്ടുള്ള ഡിസൈനാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. മുകളിലേക്ക് ഉയരുന്ന ബട്ടർഫ്ലൈ ഡോറുകൾ സൈബർകാബിനെ വ്യത്യസ്തമാക്കുന്നു. സാധാരണ കാറുകളിൽ കാണുന്ന സൈഡ് മിററുകളും ഇതിൽ കാണാനാകില്ല. വായുകടക്കാത്ത ചക്രങ്ങളാണ് മറ്റൊരു പ്രത്യേകത. അതേസമയം, വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ, ബാറ്ററി, റേഞ്ച് തുടങ്ങിയ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

സൈബർ കാബിന് പുറമെ ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോണോമസ് വാനും ചടങ്ങിൽ മസ്ക് പ്രഖ്യാപിച്ചു. റോബോവാൻ എന്നാണ് ഇതിന്റെ പേര്. പരമാവധി 20 പേരെയും ചരക്കുകളും കൊണ്ടുപോകാൻ സാധിക്കുന്ന വാഹനമാണിത്. ഇതിന്റെ നിർമാണം എന്ന് തുടങ്ങുമെന്നോ വില എത്രയാകു​മെന്നോ പ്രഖ്യാപിച്ചിട്ടില്ല.

 

വാഹനങ്ങൾ കൂടാതെ മനുഷ്യരെപ്പോലുള്ള നിരവധി റോബോട്ടുകളാണ് ചടങ്ങിലേക്ക് വന്നത്. ഒപ്റ്റിമസ് റോബോട്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇവ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയും ഡാൻസ് കളിക്കുകയും പാർട്ടിയിൽ പ​ങ്കെടുത്തവർക്ക് പാനീയങ്ങൾ നൽകുകയും ചെയ്തു. ഹ്യൂമനോയിഡ് റോബോട്ടുകളുടെ കാര്യത്തിൽ തങ്ങൾ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് മസ്ക് വ്യക്തമാക്കി. ഇവയുടെ വില 30,000 യുഎസ് ഡോളർ വരെയാകും.

അടുത്തവർഷം ടെസ്‍ലയുടെ ഇലക്ട്രിക് കാറുകളായ മോഡൽ 3, മോഡൽ വൈ എന്നിവയിൽ പൂർണമായും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ഓട്ടോണോമസ് സംവിധാനം കൊണ്ടുവരുമെന്നും മസ്ക് പറയുന്നു. കാലിഫോർണിയയിലും ടെക്സാസിലുമാകും ആദ്യഘട്ടത്തിൽ ഈ വാഹനങ്ങൾ ഓടുക. തുടർന്ന് നിയമങ്ങൾ അനുകൂലമാകുമ്പോൾ അമേരിക്കയിലെ മറ്റു ഭാഗങ്ങളിലും ലോകമെമ്പാടും ഇത് പുറത്തിറക്കും. അതേസമയം, സമ്പൂർണമായ സെൽഫ് ഡ്രൈവിങ് കാറുകൾ ഇതുവരെ ലഭ്യമാക്കിയില്ല എന്ന് കാണിച്ച് അമേരിക്കയിലെ വാഹന ഉടമകൾ ടെസ്‍ലക്കെതിരെ കോടതിയെ സമീപിച്ച ഘട്ടത്തിലാണ് പുതിയ വാഹനങ്ങൾ കമ്പനി അവതരിപ്പിക്കുന്നത്.  

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News