ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഇലക്ട്രിക് സ്‌കൂട്ടർ വരുന്നു; ബിഎംഡബ്ലു സിഇ 04
പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗതയിലെത്താൻ 2.6 സെക്കൻഡുകളും 100 കിലേമീറ്റർ വേഗതയിലെത്താൻ 10 സെക്കൻഡില്‍ താഴെയും മതി ഈ മോട്ടോറിന്
ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഇന്ത്യയിൽ നല്ല കാലമാണ്. 2022 ൽ ഇതുവരെ വിറ്റ ഇരുചക്ര വാഹനങ്ങളിൽ മൂന്ന് ശതമാനത്തിലധികം വരുന്നത് ഇവി വാഹനങ്ങളാണ്. എന്നാൽ പ്രീമിയം വാഹന സെക്ടറിൽ ഒരു ഇവി ഇരുചക്ര വാഹനം ഇതുവരെ ഇന്ത്യയിൽ വന്നിരുന്നില്ല. ആഡംബര ഇവി കാറുകൾ വന്നപ്പോഴും ആഡംബര ഇവി സ്‌കൂട്ടറുകൾ മാത്രം വന്നില്ല.
ആ കുറവിന് ഒരു പരിഹാരമാകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. സാക്ഷാൽ ബിഎംഡബ്ലുവാണ് ഇന്ത്യയിൽ ആദ്യത്തെ പ്രീമിയം ഇവി സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ബിഎഡബ്ലു സിഇ 04 ( BMW CE 04) എന്ന മോഡലായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക. ഇതിന്റെ കൺസെപ്റ്റ് മോഡലിന്റെ ചിത്രം 2017 ൽ തന്നെ ബിഎഡബ്ലു പുറത്തുവിട്ടിരുന്നു. ആഗോള മാർക്കറ്റിൽ നേരത്തെ തന്നെ വാഹനം പുറത്തിറക്കിയിരുന്നു.
8.9 കിലോവാട്ടാണ് സിഇ 04 ന്റെ ബാറ്ററി കരുത്ത്. 20 ബിഎച്ച്പി കരുത്തുള്ള ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ ഹൃദയം. 42 എച്ച്പിയാണ് പരമാവധി പവർ. 62 എൻഎം ആണ് പരമാവധി ടോർക്ക്. പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗതയിലെത്താൻ 2.6 സെക്കൻഡുകളും 100 കിലേമീറ്റർ വേഗതയിലെത്താൻ 10 സെക്കൻഡില്‍ താഴെയും മതി ഈ എഞ്ചിന്. അമിത വേഗം എടുക്കാതിരിക്കാൻ വേഗത മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ നിജപ്പെടുത്തിയിരിക്കുകയാണ്. 130 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.
ജർമനിയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്തായിരിക്കും വാഹനം ഇന്ത്യയിൽ അവതരിക്കുക. അതുകൊണ്ട് തന്നെ വിലയും വളരെയധികം കൂടുതലായിരിക്കും. ഏകദേശം 11,700 ഡോളറാണ് ആഗോള മാർക്കറ്റിൽ വാഹനത്തിന്റെ വില. ഇന്ത്യയിലേക്ക് വരുമ്പോൾ ഇത് ഏകദേശം 14 ലക്ഷത്തിനടുത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു കൺസെപ്റ്റ് 2017-ലാണ് സിഇ 4 പുറത്തിറങ്ങിയത്. പിന്നീട് പ്രൊഡക്ഷൻ-റെഡി മോഡലായി 2020-ലും അവതരിപ്പിച്ചു. അവസാന പ്രൊഡക്ഷൻ-റെഡി പതിപ്പ് കഴിഞ്ഞ വർഷം ജൂലൈയിലാണ് പുറത്തിറങ്ങിയത്. വൻതോതിലുള്ള ഉൽപ്പാദനം 2021 ലാണ് ആരംഭിച്ചത്.