റൈഡേഴ്‌സിന്റെ മനംകവരാന്‍ മോണ്‍സ്റ്റര്‍; പുതിയ മോഡല്‍ അവതരിപ്പിച്ച് ഡ്യൂകാറ്റി
ഡ്യൂകാറ്റി മോണ്‍സ്റ്റര്‍, മോണ്‍സ്റ്റര്‍ പ്ലസ് എന്നിങ്ങനെ മോണ്‍സ്റ്റര്‍ ശ്രേണിയില്‍പെട്ട രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി.
റൈഡിങ് ബൈക്ക് പ്രേമികളുടെ ഇഷ്ടചോയ്സാണ് ഡ്യൂകാറ്റി. ഡ്യൂകാറ്റി മോണ്‍സ്റ്റര്‍, മോണ്‍സ്റ്റര്‍ പ്ലസ് എന്നിങ്ങനെ മോണ്‍സ്റ്റര്‍ ശ്രേണിയില്‍പെട്ട രണ്ട് മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കി. ഭാരക്കുറവാണ് പുതിയ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത. പഴയ മോണ്‍സ്റ്ററിനെക്കാള്‍ 18 കിലോ കുറവാണ് പുതിയ മോഡലിന്. 166 കിലോഗ്രാമാണ് വണ്ടിയുടെ ഭാരം.
937 സിസി ടെസ്റ്റാസ്ട്രെറ്റ എന്ന ശക്തമായ എഞ്ചിനാണ് ബൈക്കില്‍. ഇത് പരമാവധി 111 എച്ച്പി കരുത്ത് നല്‍കുന്നു. സ്‌പോര്‍ട്, ടൂറിങ്, അര്‍ബന്‍ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളുമുണ്ട്. 820 എംഎം ഉയരമുള്ള സീറ്റിന്റെ മുന്‍വശം ഇടുങ്ങിയതും പിന്‍ഭാഗം വിശാലവുമായാണ് നല്കിയത്. ഇത് ഓടിക്കുന്നയാള്‍ക്ക് മികച്ച റൈഡിങ് അനുഭവം സമ്മാനിക്കുന്നു. കൂടാതെ എളുപ്പത്തില്‍ കാല് കുത്താനും സഹായിക്കുന്നു. സീറ്റിന്റെ ഉയരം ക്രമീകരിക്കുകയും ചെയ്യാം.
ഗിയര്‍ പൊസിഷന്‍, എയര്‍ ടെമ്പറേച്ചര്‍, ഫ്യൂവല്‍ ലെവല്‍ എന്നീ വിവരങ്ങള്‍ നല്‍കുന്ന 4.3 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ബട്ടണുകളുടെ സഹായത്തോടെ ഹാന്‍ഡില്‍ബാറില്‍ നിന്ന് തന്നെ നിയന്ത്രിക്കാവുന്ന ഡ്യൂകാറ്റി മള്‍ട്ടിമീഡിയ സിസ്റ്റവും ഇതില്‍ ലഭിക്കുന്നു. ഡ്യൂകാറ്റി റെഡ്, ഡാര്‍ക്ക് സ്‌റ്റെല്‍ത്ത്, ഏവിയേറ്റര്‍ ഗ്രേ എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ബൈക്കിന്റെ വില 10.99 ലക്ഷം മുതലാണ്. ഒരു ലക്ഷം രൂപ ടോക്കണ്‍ നല്‍കി വാഹനം ബുക്ക് ചെയ്യാം.