വിൽപ്പന തുടങ്ങും മുമ്പേ ഇന്ത്യ വിട്ട് ചൈനീസ് കാർ നിർമാതാക്കളായ ജിഡബ്ല്യുഎം
2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗ്രേറ്റ് വാൾ മോട്ടോർസ് ഹാവൽ എന്ന ബ്രാൻഡിൽ ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.
ഇന്ത്യൻ വാഹന ലോകത്ത് വിദേശ വാഹനനിർമാണ കമ്പനികൾക്ക് അത്ര നല്ല കാലത്തിലൂടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടന്നുപോകുന്നത്. ജനറൽ മോട്ടോർസും ഒരു വർഷം മുമ്പ് ഫോർഡും അങ്ങനെ പ്രമുഖ വാഹനനിർമാതാക്കൾ ഇന്ത്യയിൽ ഇനിയും കച്ചവടം ഇനിയും തുടരാൻ പറ്റില്ലെന്ന് പറഞ്ഞ് ഇന്ത്യ വിട്ട കഥയാണ് ഇന്നലെ വരെ നമ്മൾ കേട്ടത്.
ഇപ്പോൾ ഇതാ ഇന്ത്യയിൽ വിൽപ്പന തുടങ്ങും മുമ്പ് തന്നെ ഒരു വിദേശ കമ്പനി ഇന്ത്യ വിട്ടിരിക്കുകയാണ്. ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി നിർമാതാക്കളാണ് ഇന്ത്യയിൽ ഒന്ന് ടയർ കുത്താൻ പോലുമാകാതെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്.
ചൈന ആസ്ഥാനമായ ഗ്രേറ്റ് വാൾ മോട്ടോർ (GWM) ആണ് ഇപ്പോൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗ്രേറ്റ് വാൾ മോട്ടോർസ് ഹാവൽ എന്ന ബ്രാൻഡിൽ ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. രണ്ടര വർഷത്തോളം ഇന്ത്യയിൽ ആദ്യ കാർ പുറത്തിറക്കാൻ കമ്പനി അധികൃതർ ശ്രമിച്ചെങ്കിലും നടന്നില്ല.
ഔദ്യോഗിക പ്രഖ്യാപനം 2020ലാണ് വന്നതെങ്കിലും 2017 ൽ തന്നെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ജനറൽ മോട്ടോർസിന്റെ പൂനെയിലെ പ്ലാന്റ് ഏറ്റെടുക്കാനുള്ള ശ്രമം അവർ ആരംഭിച്ചിരുന്നു. രണ്ടു പ്രാവശ്യം ഈ കരാർ ജിഎം പുതുക്കിയെങ്കിലും ഈ വർഷം ജൂൺ 30 ന് ജിഡബ്ല്യുഎം എന്നന്നേക്കുമായി ആ കരാർ അവസാനിപ്പിച്ചു.
കമ്പനിയുടെ ഇന്ത്യയിൽ നിലവിലുള്ള 11 ജീവനക്കാരെയും ഇന്നലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കൃത്യമായ നഷ്ടപരിഹാരം നൽകിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു.
ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലേക്ക് വന്ന ജിഡബ്യൂഎം ഇന്ത്യയിൽ നിന്ന് പിൻമാറാൻ കാരണം 2020 ഏപ്രിലിൽ ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തിൽ വന്ന മാറ്റമാണ്. ചൈനയിൽ നിന്നുള്ള കമ്പനിക്ക് ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള അനുമതി നയത്തിലെ മാറ്റം കാരണം അവർക്ക് നഷ്ടപ്പെട്ടു.
ഇന്ത്യക്ക് വേണ്ടിയുള്ള പ്രൊഡക്ട് സ്ട്രാറ്റജിയും വെബ്‌സൈറ്റുമെല്ലാം പുറത്തിറക്കിയതിന് ശേഷമാണ് മാർക്കറ്റിൽ ഒന്ന് എത്തിനോക്കാൻ പോലും പറ്റാതെ ജിഡബ്ല്യൂമ്മിന്റെ മടക്കം.