എല്ലാം മാറി എന്നാൽ നിന്നോടുള്ള ഇഷ്ടം മാത്രം പോയില്ല; 28 വർഷത്തിനിപ്പുറവും വിൽപ്പന കണക്കിൽ സ്‌പ്ലെണ്ടർ മുന്നിൽ തന്നെ
' അത്ര വലിയ എഞ്ചിൻ പവറൊന്നുമില്ലെങ്കിലും അവരുടെ കൈയിൽ ഒരു അഡാർ ഐറ്റമുണ്ട് '....
1994 ൽ നിരത്തിലിറങ്ങിയ അന്ന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ കയറിയ മുതലാണ് ഹീറോ സ്‌പ്ലെണ്ടർ. ആദ്യം ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ആയിരുന്നപ്പോഴും പിന്നീട് ഹീറോ സ്‌പ്ലെണ്ടർ ആയപ്പോഴും ഇന്ത്യക്കാർക്ക് രണ്ടു ചക്രത്തിലെ ഈ ഹീറോവിനോടുള്ള ഇഷ്ടം കുറഞ്ഞില്ല. പുറത്തിറങ്ങി 28 വർഷത്തിനിപ്പുറവും സ്‌പ്ലെണ്ടർ നിരത്തിലെ രാജാവാണെന്ന് കാണിക്കുകയാണ് 2021 ഡിസംബറിലെ വിൽപ്പന കണക്ക്. 2,06,122 സ്‌പ്ലെണ്ടറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യൻ നിരത്തിലിറങ്ങിയത്. അത്ര വലിയ എഞ്ചിൻ പവറൊന്നുമില്ലെങ്കിലും അവരുടെ കൈയിൽ ഒരു അഡാർ ഐറ്റമുണ്ട്- മൈലേജ്, അത് വച്ചാണ് സ്‌പ്ലെണ്ടർ ഇന്നും വിൽപ്പന ചാർട്ടുകളിൽ മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ ഹോണ്ട ആക്ടീവയ്ക്ക് പിറകിലായതൊഴിച്ചാൽ 2021 ൽ എല്ലാ മാസവും സ്‌പ്ലെണ്ടർ ഒന്നാം സ്ഥാനത്തായിരുന്നു. 2020 ഡിസംബറിനെ അപേക്ഷിച്ച് നോക്കുമ്പോൾ 2021 ഡിസംബറിൽ 25.8 ശതമാനത്തിന്റെ വർധനവാണ് സ്‌പ്ലെണ്ടറിന്റെ വിൽപ്പനയിലുണ്ടായിരിക്കുന്നത്.
1,04,417 യൂണിറ്റുകളുമായി ഹോണ്ട ആക്ടീവയാണ് കഴിഞ്ഞ മാസം രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്ത് ഹീറോയുടെ തന്നെയായ എച്ച് എഫ് ഡീലക്‌സാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റ ഇരുചക്രവാഹനങ്ങളിൽ എട്ട് ബൈക്കുകളും 125 സിസിയോ അതിന് താഴെ എഞ്ചിൻ ശേഷിയോ ഉള്ളതാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് മൈലൈജ് തന്നെയാണ് ഇപ്പോഴും ഇന്ത്യക്കാരുടെ വാഹനം വാങ്ങുന്നതിനുള്ള ആദ്യ പരിഗണന എന്ന് തന്നെയാണ്.