ആക്ടീവ ഇനി 'സ്വർണത്തിൽ' തിളങ്ങും; ആക്ടീവ 6ജി പ്രീമിയം അവതരിപ്പിച്ചു

1999 ൽ ആദ്യമായി വന്നത് മുതൽ ഇന്ന് വരെ ആക്ടീവയുടെ എല്ലാ തലമുറ മോഡലും ഇന്ത്യയിലും സൂപ്പർ ഹിറ്റാണ്.

Update: 2022-08-18 13:38 GMT
Editor : Nidhin | By : Web Desk
Advertising

ഹോണ്ട ആക്ടീവയോളം ഇന്ത്യക്കാരുടെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു സ്‌കൂട്ടറില്ല എന്ന് പറയാൻ പറ്റും. 1999 ൽ ആദ്യമായി വന്നത് മുതൽ ഇന്ന് വരെ ആക്ടീവയുടെ എല്ലാ തലമുറ മോഡലും ഇന്ത്യയിലും സൂപ്പർ ഹിറ്റാണ്. അത്രമാത്രം ഇന്ത്യക്കാർക്ക് പരിചിതമാണ് ഈ സിവിടി ഗിയർബോക്‌സുള്ള സ്‌കൂട്ടർ.

നിലവിൽ പേര് സൂചിപ്പിക്കും പോലെ ആക്ടീവ 6ജി അഥവാ ആറാം തലമുറ ആക്ടീവയാണ് ഇന്ത്യൻ നിരത്തിലോടുന്നത്. ആക്ടീവ 6ജി കൂടുതൽ പ്രീമിയമായിരിക്കുകയാണ് ഇപ്പോൾ. ആക്ടീവ പ്രീമിയം എന്ന പേരിൽ 6ജി ആക്ടീവക്ക് ചില കോസ്മറ്റിക്ക് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഹോണ്ട ഇപ്പോൾ.

എക്‌സ്‌ക്ലൂസീവായ മൂന്ന് നിറങ്ങളിലാണ് ആക്ടീവ 6ജി പ്രീമിയം ലഭിക്കുക. എല്ലാ നിറത്തിലും പ്രീമിയമാണെന്ന് കാണിക്കാൻ വിവിധ പാർട്ടുകൾക്ക് സ്വർണ നിറം നൽകിയിട്ടുണ്ട്. വീലുകൾ ഹോണ്ട ആക്ടീവ പ്രീമിയം ബാഡ്ജ് മുൻ ഏപ്രണിലെ ഭാഗങ്ങൾ എല്ലാം സ്വർണനിറത്തിലാണ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ സ്റ്റാൻഡേർഡ് ആക്ടീവയിൽ കറുപ്പ് നിറത്തിലുള്ള സീറ്റും ഫ്രണ്ട് കംപാർട്ട്‌മെന്റും ബ്രൗൺ നിറത്തിലായിരിക്കും പ്രീമിയം വേരിയന്റിലുണ്ടാകുക.

പുറമേ ഇത്തരത്തിലുള്ള മാറ്റങ്ങളുണ്ടെങ്കിലും എഞ്ചിനിലോ പ്രകടനത്തിലോ യാതൊരു മാറ്റങ്ങളും പ്രീമിയം അധികമായി നൽകുന്നില്ല. 109.5 സിസി കരുത്തുള്ള സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ തന്നെയാണ് പ്രീമിയത്തിനും കരുത്ത് പകരുന്നത്. 8,000 ആർപിഎമ്മിൽ പരമാവധി 7.7 എച്ച്പി പവറും 5,500 ആർപിഎമ്മിൽ 8.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. നിശബ്ദമായ സ്റ്റാർട്ടിങ് ഫീച്ചറും ആക്ടീവ 6ജിയുടെ ഭാഗമാണ്.

130 എംഎം ഡ്രം ബ്രേക്ക് തന്നെയാണ് മുന്നിലും പിന്നിലും നൽകിയിരിക്കുന്നത്. അണ്ടർ ബോൺ ഫ്രെയിം, മുന്നിലെ ടെലിസ്‌കോപ്പിക്ക് ഫോർക്ക്, പിറകിലെ മൂന്ന് സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക്‌സ് ഷോക്ക് എന്നിവയെല്ലാം പ്രീമിയത്തിലും അതേപടി തുടരും.

വിലയിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് ആക്ടീവയേക്കാളും 3,000 രൂപയാണ് ആക്ടീവ പ്രീമിയത്തിന് അധികമായി വരിക. 75,400 രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News