ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് ഹോണ്ടയും; രണ്ട് വാഹനങ്ങൾ അവതരിപ്പിച്ചു
102 കിലോമീറ്റർ റേഞ്ചുള്ള ‘ആക്ടീവ ഇ’ ആണ് പ്രധാന മോഡൽ
ഇന്ത്യയിൽ അതിവേഗം കുതിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് ഹോണ്ടയും. രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളാണ് ജാപ്പനീസ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനപ്രിയ മോഡലായ ആക്ടീവയുടെ ഇലക്ട്രിക് പതിപ്പായ ‘ആക്ടീവ ഇ’ ആണ് ഇതിലൊന്ന്. ക്യുസി1 ആണ് രണ്ടാമത്തെ മോഡൽ. ഊരിമാറ്റാവുന്ന ബാറ്ററിയാണ് ‘ആക്ടീവ ഇ’ക്ക് നൽകിയിട്ടുള്ളത്. ഫിക്സഡ് ബാറ്ററിയാണ് ‘ക്യുസി1’ൽ ഉള്ളത്.
2025 ഫെബ്രുവരിയോടെ ന്യൂഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ‘ആക്ടീവ ഇ’ ആദ്യഘട്ടത്തിൽ ലഭ്യമാവുക. ജനുവരിയിൽ ബുക്കിങ് തുടങ്ങും. മൂന്ന് നഗരങ്ങളിൽ ബാറ്ററി സ്വാപ്പ് ചെയ്യാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ട ഇ:സ്വാപ്പ് എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്.
ചാർജ് കഴിഞ്ഞ ബാറ്ററി ഊരിമാറ്റി മറ്റൊന്ന് ഘടിപ്പിക്കാൻ സാധിക്കും. ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാകും ബാറ്ററി പങ്കുവെക്കുന്ന ഈ സേവനം ലഭ്യമാവുക.
പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ മാത്രമാണ് അവതിപ്പിക്കുന്നതെന്ന് ഹോണ്ട അറിയിച്ചു. 2030ഓടെ ആഗോളതലത്തിൽ 30 ഇലക്ട്രിക് ടൂവീലറുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘ആക്ടീവ ഇ’യും ക്യുസി1ഉം ഇന്ത്യയിലാണ് നിർമിക്കുന്നതെന്നും ഹോണ്ട അറിയിച്ചു.
ആക്ടീവ ഇ
പെട്രോൾ പതിപ്പിന്റെ ബോഡിയും ഫ്രെയിമും അടിസ്ഥാനപ്പെടുത്തിയാണ് ‘ആക്ടീവ ഇ’യും ഒരുക്കിയിട്ടുള്ളത്. ഓരോ വർഷവും 25 ലക്ഷം യൂനിറ്റ് വിൽക്കുന്ന ആക്ടീവ ഹോണ്ടയുടെ പ്രധാന സ്കൂട്ടറാണ്. ഈ ഖ്യാതി നിലനിർത്തുകയാണ് ‘ആക്ടീവ ഇ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റാൻഡേർഡ്, സിങ്ക് ഡ്യുവോ എന്നീ രണ്ട് വേരിയന്റുകളുണ്ടാകും.
110 സിസി പെട്രോൾ വാഹനത്തിനോട് തുല്യമായ സ്കൂട്ടറാണിത്. ഊരിമാറ്റാവുന്ന രണ്ട് ബാറ്റികളാണ് ഇതിലുണ്ടാവുക. ടയറിനോട് ചേർന്നുള്ള മോട്ടോർ പരമാവധി ആറ് കിലോവാട്ട് ഔട്ട്പുട്ട് നൽകും. 102 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
സ്റ്റാൻഡേർഡ്, സ്പോർട്, ഇകോൺ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളുണ്ട്. കൂടാതെ റിവേഴ്സ് മോഡും ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത് വഴി ഫോൺ വിളിക്കാനുള്ള സൗകര്യം ഉൾപ്പെടെയുള്ള ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന ഫീച്ചറും ഇതിലുണ്ട്.
ഹോണ്ട ക്യുസി1
80 കിലോമീറ്റർ റേഞ്ചുള്ള വാഹനമാണ് ക്യുസി1. ഇന്ത്യൻ മാർക്കറ്റിന് മാത്രമായി ഹോണ്ട പുറത്തിറക്കുന്ന വാഹനമാണിത്. 2025ൽ വിപണിയിലെത്തും. ഏറെക്കുറെ ‘ആക്ടീവ ഇ’യോട് സാമ്യമുള്ള രൂപമാണ് ഇതിനുമുള്ളത്. അതേസമയം, എൽഇഡി ഡിആർഎൽ ഇതിൽ കാണാനാകില്ല.
1.5 കിലോവാട്ടിന്റെ ഫിക്സഡ് ബാറ്ററി പാക്കാണ് ‘ക്യുസി1’ൽ ഉള്ളത്. 2.4 ബിച്ച്പി കരുത്താണ് മോട്ടോർ നൽകുന്നത്. 5 ഇഞ്ച് എൽസിഡി ഡിസ്‍പ്ലേയിൽ ആവശ്യമായ വിവരങ്ങൾ ലഭ്യമാകും. സീറ്റിനടിയിലെ സ്റ്റോറേജ്, യുഎസ്ബി ടൈപ്പ് സി ചാർജിങ് സോക്കറ്റ് തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ടാകും.