ആയിരം ശതമാനത്തിലധികം വളർച്ച; കുതിച്ചുകയറി ഹോണ്ട ഡിയോയുടെ വിൽപ്പന
ഹോണ്ടയുടെ വിൽപ്പന ചാർട്ടിൽ ആദ്യ അഞ്ച് മോഡലുകൾ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയതും ഡിയോയാണ്.
ജപ്പാൻ വാഹന നിർമാതാക്കളായ ഹോണ്ട- ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയിൽ തദ്ദേശീയ ബ്രാൻഡായ ഹീറോയോട് കട്ടക്ക് ഏറ്റുമുട്ടിയാണ് വിപണിയിൽ പിടിച്ചുനിൽക്കുന്നത്. കോവിഡ് പിടിച്ചുലച്ച 2021 മെയ് മാസത്തിൽ നിന്ന് 2022 മെയ് മാസത്തിലേക്ക് വന്നപ്പോൾ വൻ തിരിച്ചുവരവാണ് ഹോണ്ട നടത്തിയത്. മെയ് 2021 ൽ 38,764 യൂണിറ്റ് വിറ്റ ഹോണ്ട 2022 മെയിൽ വിറ്റത് 3,20,857 യൂണിറ്റുകളായിരുന്നു. 727.72 ശതമാനമാണ് ആകെ വിൽപ്പനയിൽ ഹോണ്ട നേടിയത്.
ഈ വിൽപ്പനയിൽ ഭൂരിഭാഗവും നേടിയത് ഹോണ്ട ആക്ടീവയാണ്. 1,49,407 ആക്ടീവകളാണ് 2022 മെയിൽ നിരത്തിലിറങ്ങിയത്. 2021 ൽ ഇത് 17,006 യൂണിറ്റ് മാത്രമായിരുന്നു. 778.55 ശതമാനത്തിന്റെ വർധനവാണ് ആക്ടീവ നേടിയത്. രണ്ടാമത് വരുന്നത് 1,19,765 യൂണിറ്റുകൾ വിറ്റ സിബി ഷൈനാണ്. കഴിഞ്ഞ വർഷം വിറ്റതിൽ നിന്ന് 716.62 ശതമാനം അധിക വിൽപ്പനയാണ് ഷൈൻ നേടിയത്. മൂന്നാമത് നിൽക്കുന്നത് യൂത്ത് സ്‌കൂട്ടറെന്ന് കണക്കാക്കുന്ന ഡിയോയാണ്.
1,107.84 ശതമാനത്തിന്റെ വളർച്ചയാണ് 2021 മെയിൽ നിന്ന് 2022 മെയിലേക്ക് എത്തുമ്പോൾ ഡിയോ നേടിയത്. കഴിഞ്ഞ വർഷം മെയിൽ 1,697 യൂണിറ്റുകൾ വിറ്റ 2022 മെയിൽ 18,800 സ്‌കൂട്ടറുകൾ അധികം വിറ്റ് 20,497 സ്‌കൂട്ടറുകളാണ് ഈ മെയിൽ വിറ്റത്. ഹോണ്ടയുടെ വിൽപ്പന ചാർട്ടിൽ ആദ്യ അഞ്ച് മോഡലുകൾ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയതും ഡിയോയാണ്. നാലാമതുള്ളത് ഡ്രീം യുഗയാണ് 10,551 യൂണിറ്റുകളാണ് ഡ്രീം യുഗ വിറ്റത്. നാലാമതുള്ളത് ലിവോയാണ് 9,937 യൂണിറ്റുകളാണ് ലിവോ വിറ്റത്. പ്രമുഖ കമ്യൂട്ടർ മോഡലായ യൂണികോൺ ഹൈനസിനും പിറകിൽ ആറാം സ്ഥാനത്താണ്.