750 സിസി കരുത്ത്; അഡ്വഞ്ചർ സ്‌കൂട്ടർ രംഗത്തേക്ക് ഹോണ്ടയുടെ പവർ ഹൗസ്- ' എക്‌സ് എഡിവി '
മസ്‌കുലർ ഡിസൈനിലുള്ള വാഹനത്തിൽ ' എൽ ' രൂപത്തിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും വോയിസ് കൺട്രോളോട് കൂടിയ ഡിജിറ്റൽ മീറ്ററും നൽകിയിട്ടുണ്ട്.
ഓഫ് റോഡ് അഥവാ അഡ്വഞ്ചർ ബൈക്കുകൾ നമ്മുക്ക് പരിചയമുണ്ടാകും. അഡ്വഞ്ചർ ബൈക്കുകൾക്ക് മുന്നത്തേക്കാളും ഇന്ത്യയിൽ പ്രിയമേറിവരുന്ന കാലഘട്ടമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതും. ഹീറോ എക്‌സ് പൾസിന്റെയും ഹിമാലന്റെയും നിരത്തിലെ ബാഹുല്യം അത് സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ അഡ്വഞ്ചർ ഗിയർലെസ് സ്‌കൂട്ടർ എന്ന് കേട്ടിട്ടുണ്ടോ. ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത അഡ്വഞ്ചർ സ്‌കൂട്ടർ വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. എക്‌സ്-എഡിവി എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടർ 2016 ൽ തന്നെ അന്താരാഷ്ട്ര ഓട്ടോ എക്‌സ്‌പോയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴാണ് ഹോണ്ട അതിന് തയാറാവുന്നത്. മസ്‌കുലർ ഡിസൈനിലുള്ള വാഹനത്തിൽ ' എൽ ' രൂപത്തിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും വോയിസ് കൺട്രോളോട് കൂടിയ ഡിജിറ്റൽ മീറ്ററും നൽകിയിട്ടുണ്ട്.
745 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് ഹോണ്ട എക് എഡിവിയുടെ ഹൃദയം. ഇന്ത്യയിലെ ഏത് സൂപ്പർ ബൈക്കിനോടും കിടപിടിക്കുന്നതാണ് ഇത്. 6,750 ആർപിഎമ്മിൽ 58 ബിഎച്ച്പി പവറും, 4,750 ആർപിഎമ്മിൽ 69 എൻഎം ടോർക്കും ഉത്പാദിപ്പാക്കാൻ ഈ എഞ്ചിന് സാധിക്കും.
അപ്‌സൈഡ് ഡൗൺ ഫോർക്കുകളോടു കൂടിയ സ്‌കൂട്ടറിൽ മുന്നിലും പിന്നിലും ഇരട്ട ഡിസ്‌ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. വാഹനം എന്ന് വിപണിയിലിറങ്ങുമെന്ന സൂചനകളൊന്നും കമ്പനി നല്‍കിയിട്ടില്ല.