ഹെല്‍മെറ്റ് ധരിച്ചയാള്‍ അപകടത്തില്‍പ്പെട്ടാല്‍ എങ്ങനെ രക്ഷപ്പെടുത്താം?

മാത്രമല്ല തലച്ചോറിന് പറ്റുന്ന ക്ഷതത്തിന് പൂര്‍ണ്ണ ചികിത്സയില്ല എന്നതും ഇത്തരം അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു

Update: 2022-05-17 15:44 GMT
Advertising

ഇരുചക്രവാഹന യാത്രികര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു രക്ഷാകവചമാണ് ഹെല്‍മെറ്റ്. കാരണം ഒരു ഇരുചക്രവാഹനം അപകടത്തില്‍പ്പെടുമ്പോള്‍ നമ്മുടെ തലയ്ക്കാണ് ഏറ്റവുമാദ്യം ക്ഷതമേല്‍ക്കുന്നത്. മാത്രമല്ല തലച്ചോറിന് പറ്റുന്ന ക്ഷതത്തിന് പൂര്‍ണ്ണ ചികിത്സയില്ല എന്നതും ഇത്തരം അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. ഒരിക്കല്‍ ഒരു ക്ഷതം സംഭവിച്ചാല്‍ പരിക്കേറ്റയാള്‍ക്ക് സ്ഥായിയായ ദൂഷ്യഫലങ്ങളുണ്ടാകും.

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുന്നതിലേക്കോ, സ്ഥിരമായ ഓര്‍മ്മക്കുറവുണ്ടാക്കുന്നതിലേക്കോ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കും. അതുകൊണ്ട് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും അപകടസാധ്യതയുള്ള സ്‌പോര്‍ട്‌സില്‍ പങ്കെടു ക്കുന്നവരും ഹെല്‍മെറ്റ ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് നിയമത്തിന്റെ നിര്‍ബന്ധത്തിനുമപ്പുറം സ്വയരക്ഷയുടേയും സുരക്ഷാമാനദണ്ഡങ്ങളുടേയും ഭാഗമാണ്. ഹെല്‍മറ്റ് വെച്ച് യാത്ര ചെയ്യുന്ന ഇരുചക്രവാഹനത്തിലെ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടാല്‍ അയാളെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റു പ്രാഥമിക ചികിത്സ കൊടുക്കുന്നതിനും തലയിലെ ഹെല്‍മറ്റ് എടുത്ത് മാറ്റേണ്ടതുണ്ട്.

എന്നാല്‍ പലപ്പോഴും ഇതു വളരെ അശ്രദ്ധയോടെ ചെയ്യുന്നതുമൂലം അപകടത്തില്‍പ്പെടുന്നയാള്‍ മരണപ്പെടുന്ന സാഹചര്യം പോലുമുണ്ട്. അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഉണ്ടായേക്കാവുന്ന ഗുരുതരമായ കഴുത്തിന്റേയും, സുഷുമ്‌ന ശീര്‍ഷത്തിന്റേയും പരിക്കുകളെ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.

ഹെല്‍മെറ്റ് ധരിച്ച് അപകടത്തില്‍പ്പെട്ടയാളെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് നോക്കാം.

ഹെല്‍മെറ്റ് ധരിച്ച് അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ഏറ്റവും കുറഞ്ഞത് രണ്ടുപേര്‍ വേണം. ആദ്യത്തെയാള്‍ അപകടത്തില്‍പ്പെട്ടയാളുടെ തലഭാഗത്ത് മുട്ടുകുത്തിയിരിക്കണം. എന്നിട്ട് രണ്ടു കൈകളും കൊണ്ട് തലയ്ക്ക് ഇളക്കം തട്ടാത്ത രീതിയില്‍ ഹെല്‍മെറ്റിന്റെ ഇയര്‍ഹോള്‍ വരുന്ന ഭാഗത്ത് പിടിക്കണം. കഴുത്തിന്റെയും തലയുടേയും സംരക്ഷണം ഉറപ്പാക്കാനുള്ള ഇന്‍ലൈന്‍ സ്റ്റെബിലൈസേഷനാണ് ഇതുകൊണ്ട് ഉറപ്പുവരുത്തുന്നത്. അപകടത്തില്‍പ്പെട്ടയാള്‍ക്ക് ബോധമുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യം അയാളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ആളെ സമാധാനിപ്പിക്കുകയും വേണം.

ചില്‍സ്ട്രിപ്പ് അഴിച്ച ശേഷം രണ്ടാമത്തെ വളണ്ടിയര്‍ അപകടത്തില്‍പ്പെട്ടയാളിന്റെ കഴുത്തില്‍ സപ്പോര്‍ട്ട് ചെയ്ത് പിടിക്കണം.മുന്നില്‍ നിന്നോ പുറകില്‍ നിന്നോ രണ്ടു വശങ്ങളില്‍ നിന്നോ ഇത് ചെയ്യാം. ഇനി ആദ്യത്തെ വളണ്ടിയര്‍ ഹെല്‍മെറ്റ് എടുത്ത് മാറ്റാന്‍ തുടങ്ങുന്നു. ഇതിനായി ഹെല്‍മെറ്റിന്റെ ഇരുവശങ്ങളില്‍ നിന്നും വലിച്ച് ഹെല്‍മെറ്റിന്റെ വ്യാസം വര്‍ദ്ധിപ്പിക്കാം. ഇനി രണ്ടാമത്തെയാള്‍ കഴുത്ത് സംരക്ഷിക്കുകയും സാവധാനം ഹെല്‍മെറ്റ് ഊരിയെടുക്കാവുന്നതാണ്. ഇതിന് ശേഷം രണ്ടാമത്തെയാള്‍ കഴുത്തിന്റെയും തലയുടേയും സ്റ്റെബിലൈസേഷന്‍ ഏറ്റെടുക്കാം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - അലി തുറക്കല്‍

Media Person

Similar News