'ഇനിയില്ല എല്ലാം കഴിഞ്ഞിരിക്കുന്നു'; അവസാന പോളോയും ഡെലിവറി ചെയ്ത് ഫോക്‌സ്‌വാഗൺ

2010 മുതൽ 12 വർഷം ഇന്ത്യ നൽകിയ സ്‌നേഹത്തിന് പകരമായി അവസാനമായി ഒരു ലെജൻഡ് എഡിഷൻ കൂടി പോളോ പുറത്തിറക്കിയിരുന്നു.

Update: 2022-08-13 10:37 GMT
Editor : Nidhin | By : Web Desk
Advertising

ഇനിയില്ലെന്ന് വാർത്ത ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇന്ത്യയിലെ വാഹനപ്രമികളുടെ ഹൃദയത്തെ ഉലയ്ക്കുന്ന പേരാണ് ഫോക്‌സ് വാഗൺ പോളോ. മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ പോളോയുടെ ഉത്പാദനവും വിൽപ്പനയും അവസാനിപ്പിക്കുന്നതായി ഫോക്‌സ് വാഗൺ അറിയിച്ചത്. വാർത്ത വിശ്വസിക്കാൻ ആദ്യം ആരും തയാറായില്ല. പിന്നീട് ഫോക്‌സ്‌വാഗൺ തന്നെ അതിന് സ്ഥിരീകരണം നൽകുകയായിരുന്നു.

2010 മുതൽ 12 വർഷം ഇന്ത്യ നൽകിയ സ്‌നേഹത്തിന് പകരമായി അവസാനമായി ഒരു ലെജൻഡ് എഡിഷൻ കൂടി പോളോ പുറത്തിറക്കിയിരുന്നു. വളരെ പരിമിതമായ എണ്ണത്തിൽ മാത്രം നിർമിച്ച ഈ മോഡലിന് വേണ്ടി ഷോറൂമുകളിൽ നിരവധി ബുക്കിങ് ലഭിച്ചതോടെ പെട്ടെന്ന് തന്നെ ആ മോഡലും വിറ്റുതീരുകയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ അവസാന ഫോക്‌സ്‌വാഗൺ പോളോ ലെജൻഡ് ഉപഭോക്താവിന് ഡെലിവർ ചെയ്തിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. ഹരിയാനയിലെ ബല്ലാബ്ഗർഹിലെ ഷോറൂമിൽ നിന്ന് വെള്ളിനിറത്തിലുള്ള പോളോ പുറത്തേക്ക് പോയതോടെ ഇന്ത്യയിലെ പോളോ യുഗത്തിന് എല്ലാരീതിയിലും അവസാനമായി.

Full View

ചെറിയ കോസ്മറ്റിക്ക് മാറ്റങ്ങളോട് മാത്രം വന്ന ലെജൻഡ് എഡിഷനും ബാക്കി എല്ലാരീതിയിലും സാധാരണ പോളോയുടെ മിഡിൽ വേരിയന്റിന് തുല്യമായിരുന്നു.

ഗ്ലോസി ബ്ലാക്ക് റൂഫ് റെയിൽ, ഡോറുകളിലെ ലെജൻഡ് ഡീകൈലുകളും ബ്ലാക്ക് ട്രങ്ക് ഗാർനിഷ്, ഫെൻഡറിലും ബൂട്ട് ഡോറിലും ബാഡ്ജുകൾ എന്നിവയാണ് വാഹനത്തിൽ വന്ന മാറ്റം. ടോപ് എൻഡ് വേരിയന്റായ ജിടി ടിഎസ്ഐയിൽ മാത്രമാണ് ലെജൻഡ് എഡിഷൻ ലഭ്യമാകുക. എഞ്ചിനിലും മാറ്റങ്ങളൊന്നുമില്ല. 110 ബിഎച്ച്പി പവറുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമാണ് നൽകുന്നത്.

10.25 ലക്ഷമാണ് ലെജൻഡ് എഡിഷന്റെ എക്സ് ഷോറൂം വില.

ഇടക്കാലത്ത് ട്രാൻസ്മിഷനിൽ വന്ന മാറ്റമൊഴികെ വലിയ മാറ്റമൊന്നും വരാതിരുന്നിട്ടും ഇന്ത്യക്കാർക്ക് പ്രിയങ്കരനായി തുടർന്ന കാറാണ് പോളോ. ഡോക്ടറേഴ്‌സ് കാർ എന്ന രീതിയിലും പ്രശസ്തമാണ് പോളോ.

ഇന്ത്യയിലെ ഫോക്‌സ് വാഗൺ ഏറ്റവും കൂടുതൽ വിറ്റ കാറും പോളോയാണ്. 2.5 ലക്ഷം പോളോയാണ് ഇതുവരെ ഇന്ത്യക്കാരുടെ കൈകളിലെത്തിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പോളോയുടെ ഇന്ത്യയിലെ ഉത്പാദനം നിർത്താൻ ഫോക്‌സ് വാഗണെ പ്രേരിപ്പിച്ചതിൽ പ്രധാനഘടകവും നിലവിലെ വിൽപ്പന കുറവാണ്.

ഇന്ത്യയിലെ ഉത്പാദനം പ്ലാനുകൾ മാറ്റിയതിന്റെ ഭാഗമായി പൂർണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ് വാഗൺ ഇന്ത്യക്ക് വേണ്ടി കാറുകൾ നിർമിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടൈഗുണാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. എംക്യുബി എന്നാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പേര്. ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയും ഇതേ പ്ലാറ്റ്‌ഫോമിൽ കുഷാഖ് എന്നൊരു മോഡൽ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഇതേ പ്ലാറ്റ്‌ഫോമിൽ സ്‌കോഡ സ്ലാവിയ എന്നൊരു സെഡാൻ മോഡലും അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പറ്റി നിലവിലെ വെന്റോയ്ക്ക് പകരമായി ഇതേ എംക്യുബി പ്ലാറ്റ്‌ഫോമിൽ വിർച്വസ് എന്ന സെഡാൻ മോഡൽ ഫോക്‌സ് വാഗണും പുറത്തിറക്കിയിരുന്നു.

വിർച്വസ് വന്നതോടെ വെന്റോ ഇല്ലാതായി അതോടെ പഴയ ഫോക്‌സ് വാഗൺ പ്ലാറ്റ്‌ഫോമായ പിക്യുവിൽ പോളോ ഒറ്റപ്പെടും. കഷ്ടിച്ച് പ്രതിമാസം 1000 യൂണിറ്റുകൾ മാത്രം വിൽക്കപ്പെടുന്ന പോളോയ്ക്ക് വേണ്ടി മാത്രം ഒരു പ്ലാറ്റ്‌ഫോം നിലനിർത്തുക എന്നത് ലാഭകരമാകില്ല എന്ന കണക്കുകൂട്ടലിലിലാണ് കമ്പനി ഇത്ര കടുത്ത ഒരു തീരുമാനത്തിലേക്ക് കടന്നത്.

2010 മാർച്ചിലാണ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ടർബോ ഡീസലുമായി പോളോ ആദ്യമായി ഇന്ത്യൻ നിരത്തിൽ അവതരിച്ചത്.

2020 മാർച്ചിലാണ് പോളോയ്ക്ക് അവസാന അപ്‌ഡേറ്റ് കമ്പനി നൽകിയത്. 2020 ലെത്തിയപ്പോൾ പോളോ ഡീസൽ എഞ്ചിൻ പൂർണമായി നിർത്തുകയും ഇടക്കാലത്തിറങ്ങിയ മോഡലുകളിൽ 1.6 ലിറ്റർ വരെയെത്തിയ പെട്രോൾ എഞ്ചിൻ 1.0 ലിറ്ററിലേക്കും ചുരുങ്ങി.

ഉയർന്ന വിലയും ഉയർന്ന പരിപാലനച്ചെലവുമാണ് പോളോയ്ക്ക് വിനയായത്. അതുകൂടാതെ പോളോയുടെ വിലയിൽ ഇതിലും കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളും ലഭിക്കുമെന്ന് മറ്റു കാർ കമ്പനികൾ തെളിയച്ചതോടെ ഒട്ടും ' വാല്യു ഫോർ മണി ' അല്ലാണ്ടായി പോളോ മാറി.

2018 ൽ തന്നെ പുതിയ ഡിസൈനിലുള്ള പോളോ ആഗോള മാർക്കറ്റിൽ അവതരിപ്പിട്ടുണ്ടെങ്കിലും ഇന്ത്യൻ മാർക്കറ്റിലും പോളോയുടെ തിരിച്ചുവരവിനെ കുറിച്ച് കമ്പനി ഇതുവരെ യാതൊരു സൂചനകളും നൽകിയിട്ടില്ല.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News