4.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത; ജാഗ്വാര്‍ ഐ-പേസ് ഇലക്ട്രിക് എസ്.യു.വിയുടെ ബ്ലാക്ക് എഡിഷന്റെ ബുക്കിങ് ആരംഭിച്ചു
100 കിലോവാട്ടിന്റെ ക്വിക്ക് ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജിലേക്കെത്താൻ 40 മിനിറ്റ് മതി.
ആഡംബര കാർ നിർമാതാക്കളായ ജാഗ്വാറിന്റെ ഏറ്റവും പുതിയ ആഡംബര ഇലക്ട്രിക് എസ്.യു.വിയായ ഐ-പേസിന്റെ ബ്ലാക്ക് എഡിഷന്റെ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. നിലവിൽ ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ കീഴിലുള്ള കമ്പനിയാണ് ജാഗ്വാർ.
നിലവിലുള്ള ഐ-പേസിൽ നിന്ന് പവറിൽ മാറ്റമൊന്നുമില്ലാതെയാണ് ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബ്ലാക്ക് എഡിഷനിൽ സ്റ്റാൻഡേർഡ് ഫീച്ചറായി തന്നെ പനോരമിക് സൺറൂഫ് ലഭിക്കും. ഗ്ലോസ് ഡാർക്ക് േ്രഗ നിറത്തിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഡാർക്ക് എഡിഷന്റെ മറ്റൊരു പ്രത്യേകത.
വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് എഡിഷന്റെ ഭാഗമായി ബ്ലാക്ക് ഷേഡുകൾ നൽകിയിട്ടുണ്ട്. നിലവിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗിയുള്ള ഐ-പേസിന് ബ്ലാക്ക് എഡിഷൻ കൂടി വന്നതോടെ ആരാധകർ കൂടുമെന്നാണ് ഉറപ്പ്.
90 കെഡബ്ല്യൂഎച്ച് ലിഥിയം അയൺ ബാറ്ററിയാണ് ഐ-പേസിന് കരുത്ത് പകരുന്നത്. രണ്ട് ആക്‌സിലുകളിലായി സ്ഥാപിച്ച രണ്ടു മോട്ടോറുകളാണ് വാഹനത്തിന് കുതിക്കാനുള്ള ഊർജം നൽകുന്നത്. 395 പിഎസ് പവറും 696 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ മോട്ടോറുകൾക്കാവും. പൂജ്യത്തിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 4.8 സെക്കൻഡ് മതി ഐ-പേസിന്.
മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്‌സ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മോട്ടോറൈസ്ഡ് ടെയിൽഗേറ്റ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, 3ഡി സൗറൗണ്ട് ക്യാമറ, ലെതർ സ്‌പോർട്‌സ് സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ വാഹനത്തിനുണ്ട്.
100 കിലോവാട്ടിന്റെ ക്വിക്ക് ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജിലേക്കെത്താൻ 40 മിനിറ്റ് മതി. പക്ഷേ സാധാരണ 7.4 കിലോ വാട്ട് എസി വാൾ ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം ചാർജാകാൻ 10 മണിക്കൂറുടെക്കും. 470 കിലോ മീറ്ററാണ് വാഹനത്തിന്റെ റേഞ്ച്.
1.05 കോടിക്കാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.