ബൈക്ക് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ കവാസാക്കിയുടെ സെഡ് 650 ആർഎസ് ഇന്ത്യയിലേക്ക്
നിൻജ 650യിലും സെഡ്650യിലും ഉപയോഗിച്ച 650 സിസി കപ്പാസിറ്റിയുള്ള എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം.
ബൈക്ക് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ കവാസാക്കിയുടെ പവർ ഹൗസ് സെഡ് 650 ആർഎസ് ഇന്ത്യയിലേക്ക്. റെട്രോ ലുക്കിലിറങ്ങുന്ന വാഹനത്തിന്റെ വരവിനായി ലോകമെമ്പാടുമുള്ള വാഹനപ്രേമികൾ കാത്തിരിക്കുകയായിരുന്നു. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും കവാസാക്കി അവരുടെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.
നിലവിൽ വിപണിയിലുള്ള കവാസാക്കി എസ്900 ആർഎസ് മോഡലിനെ അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറക്കുന്നതെങ്കിലും അതിനെക്കാളും കുറഞ്ഞ എഞ്ചിൻ ശേഷിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. നിൻജ 650യിലും സെഡ്650യിലും ഉപയോഗിച്ച 650 സിസി കപ്പാസിറ്റിയുള്ള എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 68 പിഎസാണ് ഈ എഞ്ചിൻ നൽകുന്ന പവർ.
വട്ടത്തിലുള്ള ഹെഡ്‌ലൈറ്റും, വളഞ്ഞിരിക്കുന്ന ഫ്യൂയൽ ടാങ്കും, സ്പ്ലിറ്റ് സ്‌പോക്ക് വീൽസ്, ഫ്‌ലാറ്റ് സാഡിലുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മെറ്റാലിക്ക് സ്പാർക്ക് ബ്ലാക്ക്, ക്യാൻഡ് എമറാൾഡ് ഗ്രീൻ, മെറ്റാലിക്ക് മൂൺഡസ്റ്റ് ഗ്രേ നിറങ്ങളിൽ വാഹനം ലഭിക്കും.ഇംഗ്ലണ്ടിൽ നവംബറിൽ വാഹനം അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിങ് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വർഷം ആദ്യം ഇന്ത്യയിൽ കാവസാക്കി സെഡ് 650 ആർഎസിന്റെ മുഴക്കം കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6,50,000ത്തിനടത്തായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ വിലയെന്നാണ് സൂചനകൾ.