പോളോ വാങ്ങാൻ അവസാന അവസരം; ലെജൻഡ് എഡിഷൻ വിപണിയിൽ

ടോപ് എൻഡ് വേരിയന്റായ ജിടി ടിഎസ്‌ഐയിൽ മാത്രമാണ് ലെജൻഡ് എഡിഷൻ ലഭ്യമാകുക.

Update: 2022-04-05 02:52 GMT
Editor : Nidhin | By : Web Desk
Advertising

വോക്‌സ്‌വാഗൺ പോളോ ജിടി ടിഎസ്‌ഐ- ഈ പേരിനോളം ഇന്ത്യൻ വാഹനപ്രേമികളെ കൊതിപ്പിക്കുന്ന മറ്റൊരു ഹാച്ച്ബാക്കുണ്ടാകില്ല. അതിന്റെ പവറും ടൈലെസ് ഡിസൈനും കണ്ട് നോക്കിനിൽക്കാത്തവരും കുറവാണ്. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു വോക്‌സ്‌വാഗൺ പോളോ ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

12 വർഷമായി ഇന്ത്യക്കാർ നൽകിയ സ്‌നേഹത്തിന് പകരമായി ഒരു ' ലെജൻഡ് ' എഡിഷൻ കൂടി നൽകിയാണ് പോളോ മടങ്ങുന്നത്. നിലവിലെ മോഡൽ പോളോ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള അവസാന അവസരം കൂടിയാണ് ഈ ലെജൻഡ് എഡിഷൻ.

കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഗ്ലോസി ബ്ലാക്ക് റൂഫ് റെയിൽ, ഡോറുകളിലെ ലെജൻഡ് ഡീകൈലുകളും ബ്ലാക്ക് ട്രങ്ക് ഗാർനിഷ്, ഫെൻഡറിലും ബൂട്ട് ഡോറിലും ബാഡ്ജുകൾ എന്നിവയാണ് വാഹനത്തിൽ വന്ന മാറ്റം. ടോപ് എൻഡ് വേരിയന്റായ ജിടി ടിഎസ്‌ഐയിൽ മാത്രമാണ് ലെജൻഡ് എഡിഷൻ ലഭ്യമാകുക. എഞ്ചിനിലും മാറ്റങ്ങളൊന്നുമില്ല. 110 ബിഎച്ച്പി പവറുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമാണ് നൽകുന്നത്.

അതേസമയം ആകെ 700 യൂണിറ്റ് ലെജൻഡ് എഡിഷൻ പോളോ മാത്രമേ നിർമിക്കൂവെന്ന് വോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പോളോ ലഭിക്കാൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരും.

10.25 ലക്ഷമാണ് ലെജൻഡ് എഡിഷന്റെ എക്‌സ് ഷോറൂം വില.

ഇടക്കാലത്ത് ട്രാൻസ്മിഷനിൽ വന്ന മാറ്റമൊഴികെ വലിയ മാറ്റമൊന്നും വരാതിരുന്നിട്ടും ഇന്ത്യക്കാർക്ക് പ്രിയങ്കരനായി തുടരുന്ന കാറാണ് പോളോ. ഡോക്ടറേഴ്സ് കാർ എന്ന രീതിയിലും പ്രശസ്തമാണ് പോളോ.

ഇന്ത്യയിലെ ഫോക്സ് വാഗൺ ഏറ്റവും കൂടുതൽ വിറ്റ കാറും പോളോയാണ്. 2.5 ലക്ഷം പോളോയാണ് ഇതുവരെ ഇന്ത്യക്കാരുടെ കൈകളിലെത്തിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പോളോയുടെ ഇന്ത്യയിലെ ഉത്പാദനം നിർത്താൻ ഫോക്സ് വാഗണെ പ്രേരിപ്പിച്ചതിൽ പ്രധാനഘടകവും നിലവിലെ വിൽപ്പന കുറവാണ്.

ഇന്ത്യയിലെ ഉത്പാദനം പ്ലാനുകൾ മാറ്റിയതിന്റെ ഭാഗമായി പൂർണമായും പുതിയ പ്ലാറ്റ്ഫോമിലാണ് ഫോക്സ് വാഗൺ ഇന്ത്യക്ക് വേണ്ടി കാറുകൾ നിർമിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടൈഗുണാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. എംക്യുബി എന്നാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പേര്. ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയും ഇതേ പ്ലാറ്റ്ഫോമിൽ കുഷാഖ് എന്നൊരു മോഡൽ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഇതേ പ്ലാറ്റ്ഫോമിൽ സ്‌കോഡ സ്ലാവിയ എന്നൊരു സെഡാൻ മോഡലും അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പറ്റി നിലവിലെ വെന്റോയ്ക്ക് പകരമായി ഇതേ എംക്യുബി പ്ലാറ്റ്ഫോമിൽ വിർച്വസ് എന്ന സെഡാൻ മോഡൽ ഫോക്സ് വാഗണും പ്രഖ്യാപിച്ചിട്ടുണ്ട്.

വിർച്വസ് വരുന്നതോടെ വെന്റോ ഇല്ലാതാകും അതോടെ പഴയ ഫോക്സ് വാഗൺ പ്ലാറ്റ്ഫോമായ പിക്യുവിൽ പോളോ ഒറ്റപ്പെടും. കഷ്ടിച്ച് പ്രതിമാസം 1000 യൂണിറ്റുകൾ മാത്രം വിൽക്കപ്പെടുന്ന പോളോയ്ക്ക് വേണ്ടി മാത്രം ഒരു പ്ലാറ്റ്ഫോം നിലനിർത്തുക എന്നത് ലാഭകരമാകില്ല എന്ന കണക്കുകൂട്ടലിലിലാണ് കമ്പനി ഇത്ര കടുത്ത ഒരു തീരുമാനത്തിലേക്ക് കടന്നത്.

2010 മാർച്ചിലാണ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ടർബോ ഡീസലുമായി പോളോ ആദ്യമായി ഇന്ത്യൻ നിരത്തിൽ അവതരിച്ചത്.

2020 മാർച്ചിലാണ് പോളോയ്ക്ക് അവസാന അപ്ഡേറ്റ് കമ്പനി നൽകിയത്. 2020 ലെത്തിയപ്പോൾ പോളോ ഡീസൽ എഞ്ചിൻ പൂർണമായി നിർത്തുകയും ഇടക്കാലത്തിറങ്ങിയ മോഡലുകളിൽ 1.6 ലിറ്റർ വരെയെത്തിയ പെട്രോൾ എഞ്ചിൻ 1.0 ലിറ്ററിലേക്കും ചുരുങ്ങി.

ഉയർന്ന വിലയും ഉയർന്ന പരിപാലനച്ചെലവുമാണ് പോളോയ്ക്ക് വിനയായത്. അതുകൂടാതെ പോളോയുടെ വിലയിൽ ഇതിലും കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളും ലഭിക്കുമെന്ന് മറ്റു കാർ കമ്പനികൾ തെളിയച്ചതോടെ ഒട്ടും ' വാല്യു ഫോർ മണി ' അല്ലാണ്ടായി പോളോ മാറി.

2018 ൽ തന്നെ പുതിയ ഡിസൈനിലുള്ള പോളോ ആഗോള മാർക്കറ്റിൽ അവതരിപ്പിട്ടുണ്ടെങ്കിലും ഇന്ത്യൻ മാർക്കറ്റിലും പോളോയുടെ തിരിച്ചുവരവിനെ കുറിച്ച് കമ്പനി ഇതുവരെ യാതൊരു സൂചനകളും നൽകിയിട്ടില്ല.

Summary: Last chance to buy Volkswagen polo legend edition on sale 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News