7.46 ലക്ഷം രൂപ, 22 കിലോമീറ്റർ മൈലേജ്; ഫ്രോങ്ക്‌സുമായി മാരുതി സുസുക്കി
ഫ്രോങ്ക്‌സിൽ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണുള്ളത്
മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ ഫ്രോങ്ക്‌സ് ക്രോസോവറിന്റെ വില പ്രഖ്യാപിച്ചു. 7.46 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് മോഡലിനായി 13.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ക്രോസ്ഓവർ വാഹനം വിപണിയിൽ എത്തുന്നത്.
ജനുവരി 12ന് തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. മാരുതി സുസുക്കിയുടെ പ്രീമിയം സെഗ്മെന്റ് ഡീലർഷിപ്പായ നെക്‌സ വഴിയാണ് വിൽപ്പന നടക്കുക. എസ്.യു.വി സെഗ്മെന്റിലെ മൂന്നാമത്തെ മോഡലാണ് ഫ്രോങ്ക്‌സ്.ഇതുവരെ 13,000 ബുക്കിങുകൾ ഫ്രോങ്ക്സിനായി ലഭിച്ചതായാണ് കമ്പനി പറയുന്നത്.
ഫ്രോങ്ക്‌സിൽ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണുള്ളത്. ആദ്യത്തെ എൻജിൻ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനാണ്. ബലേനോ ആർഎസിൽ നിർത്തലാക്കിയ ഈ എൻജിൻ ഫ്രോങ്ക്‌സിലൂടെ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ബലേനോയിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്.
ക്രോം ആക്സന്റുകളോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്‌ലക്ടർ ഹെഡ്ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫ്രോങ്ക്സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളുടെ പാക്കേജ് ഫ്രോങ്ക്സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്.
ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡ്യുർ ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, എർത്ത് ബ്രൗൺ എന്നിങ്ങനെ 7 മോണോടോൺ ഷേഡുകൾ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍ . ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള ഒപ്യുലന്റ് റെഡ്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള എർത്ത് ബ്രൗൺ എന്നിവയാണ് ഓഫറിലുള്ള ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ.
മാനുവൽ, എഎംടി ഗിയർബോക്സുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള മോഡലിന് യഥാക്രമം 21.79 കിലോമീറ്റർ, 22.89 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവും. 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 20.01 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്
സുരക്ഷക്കായി 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയും നൽകിയിട്ടുണ്ട്.