പണം ഒരു പ്രശ്‌നമല്ല! മെഴ്‌സിഡസ് ബെൻസിന് ഇന്ത്യയിൽ 99 ശതമാനം വളർച്ച
ബെൻസിന്റെ 24 മോഡലുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്.
ആഡംബരത്തിന്റെ മറുവാക്കാണ് മെഴ്‌സിഡസ് ബെൻസ്. ഏതു വാഹനപ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടോപ് ക്ലാസ് കാർ. കൊതിപ്പിക്കുന്ന സൗന്ദര്യവും തലയെടുപ്പുമാണ് ബെൻസിനെ ഇഷ്ടവാഹനമാക്കി മാറ്റുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ വിപണിയിൽ ജർമൻ കാറിന് ആവശ്യക്കാർ ഏറിയേറി വരികയാണ് എന്ന് കണക്കുകൾ പറയുന്നു.
കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളിക്കിടയിലും 2021 ജൂലൈ-സെപ്തംബർ കാലയളവിൽ (ക്യു3) 4101 കാറുകളാണ് ബെൻസ് വിൽപ്പന നടത്തിയത്. 2020ലെ സമാനപാദത്തെ അപേക്ഷിച്ച് വിൽപ്പനയിൽ രേഖപ്പെടുത്തിയത് 99 ശതമാനം വർധന!
ബെൻസിന്റെ 24 മോഡലുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. ഇതിൽ 13 എണ്ണം തദ്ദേശീയമായി നിർമിക്കുന്നവയാണ്. 2021ൽ മാത്രം പുതിയ 11 മോഡലുകളാണ് കമ്പനി നിരത്തിലിറക്കിയത്. മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, ജിഎൽഎ, ജിഎൽസി, എസ് ക്ലാസ്, ജിഎൽഎസ് മെയ്ബാഷ്, എഎംജി എ35, എഎംജിജിഎൽഎ35, എഎംജി ഇ53, എഎംജി ഇ63, എഎംജി ജിഎൽഇ63 എസ് എന്നിവ.
ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 8958 യൂണിറ്റ് കാറുകളാണ് ബെൻസ് വിറ്റത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ നിന്ന് 79 ശതമാനം വർധനയാണ് വിൽപ്പനയിലുണ്ടായത്. ഇ ക്ലാസ് എൽഡബ്യുബി മോഡലാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ജിഎൽസിയാണ് പിന്നീട് ഡിമാൻഡുള്ള മോഡൽ. വിൽപ്പനയുടെ 20 ശതമാനവും ഓൺലൈൻ ചാനലുകൾ വഴിയായിരുന്നു.
അതിനിടെ, ഇന്ത്യയിൽ നിർമിച്ച മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് കമ്പനി നിരത്തിലിറക്കി. 1.57 കോടി രൂപയാണ് മെയ്ഡ് ഇൻ ഇന്ത്യ സെഡാന്റെ വില. ഇതുവരെ 1.30 ലക്ഷം മെയ്ഡ് ഇൻ ഇന്ത്യ ബെൻസുകൾ വിറ്റതായി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ പിയൂഷ് അറോറ പറഞ്ഞു.