ആറ് എയർ ബാഗുകൾ, 360 ക്യാമറ; സുരക്ഷയിലും വിട്ടുവീഴ്ചയില്ലാതെ പുതിയ ബലേനോ
സുരക്ഷാ മാറ്റങ്ങളുടെ ഭാഗമായി 1410 കിലോയിലേക്ക് വാഹനത്തിൻറെ ഭാരം മാരുതി ഉയർത്തിയിട്ടുണ്ട്.
മാരുതിയിൽ നിന്ന് അടുത്തിടെ പുറത്തുവന്ന മാസ്റ്റർ സ്‌ട്രോക്കായി കണക്കാക്കുന്ന മോഡലാണ് 2022 എഡിഷൻ ബലേനോ. ഫീച്ചറുകളിൽ മാത്രമല്ല സുരക്ഷയിലും ബലേനോ മാരുതി ഇത്രയും നാളും പിന്തുടർന്നിരുന്ന ഫോർമുലകളെ വെല്ലുവിളിക്കുന്നുണ്ട്. സുരക്ഷയിലേക്ക് വന്നാൽ ബ്രസയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായി ഐ20 യും ടാറ്റ അൽട്രോസിനും സാധിക്കാത്ത ചില കാര്യങ്ങൾ പുതിയ ബലേനോയിലുണ്ട്.
എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി രണ്ട് എയർ ബാഗുകളും ഇബിഡിയോട് കൂടിയ എബിഎസും ബ്രേക്ക് അസിസ്റ്റ് സിസ്റ്റവും, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ആങ്കറും ലഭിക്കുന്നുണ്ട്. കൂടാതെ ഉയർന്ന വേരിയന്റുകളിലേക്ക് വന്നാൽ ഇ.എസ്.പിയോട് കൂടിയ ഹിൽ ഹോൾഡ് അസിസ്റ്റ് സിസ്റ്റം, 360 ക്യാമറ, റോഡിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാൻ ഹെഡ് അപ് ഡിസ്‌പ്ലെ, കൂടാതെ സൈഡ്, കർട്ടൻ എയർ ബാഗുകളടക്കം ആറ് എയർ ബാഗുകൾ നൽകുന്നുണ്ട്. സീറ്റ, ആൽഫ വേരിയന്റുകളിൽ ബലേനോ ആറ് എയർ ബാഗുകൾ നൽകുമ്പോൾ സെഗ്്‌മെന്റിൽ ആറ് എയർ ബാഗുള്ള മറ്റൊരു മോഡലായ ഹ്യുണ്ടായി ഐ-20 ആറ് എയർ ബാഗുകൾ നൽകുന്നത് അവരുടെ ടോപ് വേരിയന്റിൽ മാത്രമാണ്.
അതേസമയം ബലേനോയുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
6.35 ലക്ഷം മുതൽ 9.49 ലക്ഷം വരെയാണ് ബലേനോയുടെ എക്‌സ് ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ 88 ബിഎച്ച്പി, 113 എൻഎം ടോർക്കുമായിരിക്കും വാഹനത്തിന് ലഭിക്കുക. ആറ് ഗിയർ സ്പീഡിൽ മാനുവൽ വേർഷനും ഓട്ടോമാറ്റിക് വേർഷനും ലഭ്യമാവും. സിഗ്മ,ഡെൽറ്റ, സെറ്റ,ആൽഫ വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. സുരക്ഷാ മാറ്റങ്ങളുടെ ഭാഗമായി 1410 കിലോയിലേക്ക് വാഹനത്തിൻറെ ഭാരം മാരുതി ഉയർത്തിയിട്ടുണ്ട്.
മുൻ വശത്ത് മാറ്റം വരുത്തിയ പുത്തൻ ബമ്പറുകളും സ്‌റ്റൈലിഷ് ഹെഡ് ലാമ്പുകളുമായാണ് കാറിൻറെ പ്രധാന പ്രത്യകത. മുൻ വശത്തെ ഗ്രില്ലിനും അൽപ്പം വ്യത്യാസമുണ്ട്. ഹെഡ് അപ് ഡിസ്‌പ്ലെ, അലക്‌സ കണക്ട്, സറൗണ്ട് വ്യൂ, ആറ് എയർ ബാഗുകൾ, എബിഎസ് ബ്രേക്ക് സിസ്റ്റം, റിവേഴ്‌സ് സെൻസറുകൾ, തുടങ്ങി നിരവധി ഫീച്ചറുകൾ വേറെയും വാഹനത്തിൽ മാരുതി അവതരിപ്പിക്കുന്നുണ്ട്. മാനുവൽ മോഡലിന് 22.35 കിലോമീറ്ററും എഎംടി മോഡലിന് 22.94 കിലോമീറ്ററും ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നുണ്ട്.