പുതിയ വാഹനം വാങ്ങാൻ പോകും മുമ്പ് അൽപ്പമൊന്ന് ശ്രദ്ധിക്കുക; ചിലപ്പോൾ അബദ്ധങ്ങൾ സംഭവിച്ചേക്കാം
പരമാവധി രാവിലെ തന്നെ വാഹനം ഡെലിവറി എടുക്കാൻ പോകുക. അഥവാ വൈകുന്നേരമാണ് വാഹനം റെഡിയായി എന്ന് പറഞ്ഞ് നിങ്ങളെ വിളിക്കുന്നതെങ്കിൽ ഇന്ന് വാഹനം വേണ്ട, നാളെ മതിയെന്ന് പറയുക.
ഒരു പുതിയ കാർ വാങ്ങുക എന്നത് പലരുടെയും ജീവിതത്തിൽ മിക്കവാറും ഒരിക്കൽ മാത്രം നടക്കുന്ന കാര്യമായിരിക്കും. അതുകൊണ്ടു തന്നെ പലരും വളരെയധികം എക്സൈറ്റ്മെന്റോട് കൂടിയായിരിക്കും അന്നത്തെ ദിവസം ഷോറൂമിലെത്തുന്നത്.
പക്ഷേ അൽപ്പമൊന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ വലിയ സാമ്പത്തികനഷ്ടവും പിന്നീടൊരിക്കലും തിരുത്താൻ പറ്റാത്ത രീതിയിലുള്ള പ്രശ്നങ്ങളും നിങ്ങളുടെ വാഹനത്തിനുണ്ടായിരിക്കും. അപ്പോൾ പുതിയ വാഹനം വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നേരത്തെ തന്നെ നിങ്ങളുടെ വാഹനം ലഭിക്കുന്ന തീയതി ഉറപ്പാക്കിയിരിക്കണം. നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ദിവസത്തിൽ വാഹനം വേണമെങ്കിൽ അത് നേരത്തെ ഷോറൂമിൽ അറിയിക്കണം.
പരമാവധി രാവിലെ തന്നെ വാഹനം ഡെലിവറി എടുക്കാൻ പോകുക. അഥവാ വൈകുന്നേരമാണ് വാഹനം റെഡിയായി എന്ന് പറഞ്ഞ് നിങ്ങളെ വിളിക്കുന്നതെങ്കിൽ ഇന്ന് വാഹനം വേണ്ട, നാളെ മതിയെന്ന് പറയുക.
വൈകുന്നേരങ്ങളിലെ വെളിച്ചക്കുറവ് ചിലപ്പോൾ നിങ്ങളുടെ വാഹനത്തിന്റെ ബോഡിയിലെ തകരാറുകൾ ശ്രദ്ധയിൽപ്പെടാതെ പോകാൻ കാരണമായേക്കാം. മാത്രമല്ല വൈകുന്നേരങ്ങളിൽ ഷോറൂം അടച്ച് വീട്ടിൽ പോകാനുള്ള തിരക്കിലായിരിക്കും ഷോറൂം ജീവനക്കാർ. അപ്പോൾ നിങ്ങളുടെ കൺസേണുകൾക്ക് പ്രാധാന്യം കുറയാൻ സാധ്യതയുണ്ട്.
വാഹനം രജിസ്റ്റർ ചെയ്യാനായി ഷോറൂമിൽ നിന്ന് ആവശ്യപ്പെട്ട രേഖകളെല്ലാം കൈയിൽ കരുതിയെന്ന് ഉറപ്പാക്കണം.
വാഹനം വാങ്ങാൻ പോകുമ്പോൾ കൂടെ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കൂടെ കൊണ്ടുപോകുക. വാഹന കാര്യങ്ങളിൽ അറിവുള്ള ആളെ കൊണ്ടുപോയാൽ കുറച്ചുകൂടി നന്നാവും.
ഇപ്പോൾ വാഹന രജിസ്ട്രേഷന് വേണ്ടി ആർടി ഓഫീസിൽ പോകേണ്ടതില്ലെന്ന് അറിയാമല്ലോ. ഷോറൂമുകളിൽ നിന്ന് തന്നെ വാഹനം പുറത്തിറങ്ങുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. പഴയ താത്കാലിക രജിസ്ട്രേഷൻ ഇപ്പോൾ ഒഴിവാക്കി.
അതുകൊണ്ട് തന്നെ വാഹനം രജിസ്ട്രേഷൻ പൂർത്തിയാകും മുമ്പ് നിരവധി കാര്യങ്ങൾ ഷോറൂമിൽ നിന്ന് തന്നെ ശ്രദ്ധയോടെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾ വാഹനം കണ്ടതിന് ശേഷം മാത്രമേ ഏത് വാഹനമായാലും നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കാവൂ. ഇനി പറയുന്ന കാര്യങ്ങളെല്ലാം 95 ശതമാനം ഷോറൂമുകളിലും സെയിൽ സ്റ്റാഫ് തന്നെ ശ്രദ്ധിച്ച് ചെയ്യുന്നതാണ്. എന്നിരുന്നാലും നമ്മൾ ഒന്ന് റീചെക്ക് ചെയ്യേണ്ടത് ആവശ്യമാണ്.
ആദ്യം വാഹനത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി പരിശോധിക്കണം. പെയിന്റിങിൽ പ്രശ്നമുണ്ടോ, ബോഡിയിൽ ഡെന്റോ മറ്റോ ഉണ്ടോ, ഇന്റീരിയരിലെ ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കണം. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ സെയിൽസ് സ്റ്റാഫിനോട് ചോദിക്കണം.
ഷോറൂമിലെ അതേ മോഡലിലെ അതേ വേരിയന്റ് പരിശോധിച്ചും നിങ്ങളുടെ സംശയങ്ങൾ തീർക്കാം. ഈ അവസരത്തിൽ കൃത്യമായ പരിശോധന നടത്തിയില്ലെങ്കിൽ, വർഷങ്ങളോളം നീളുന്ന പ്രശ്നങ്ങൾക്ക് അത് ഇടവരുത്തും. വാഹനത്തിന് അസ്വഭാവികമായി ശബ്ദങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം. എഞ്ചിനിൽ നിന്നോ, വാഹനഭാഗങ്ങൾക്ക് ഇളക്കമോ ഉണ്ടോ എന്നും പരിശോധിക്കണം.
വാഹനത്തിന്റെ ഓഡോമീറ്റർ കേബിൾ ഘടിപ്പിച്ചിട്ടുണ്ടോ എന്ന പരിശോധിക്കണം, ഇല്ലെങ്കിൽ അത് ടെസ്റ്റ് ഡ്രൈവ് വാഹനമാകാൻ സാധ്യതയുണ്ട്. കൂടാതെ വാഹനം 100 കിലോ മീറ്ററിൽ ഓടിയുണ്ടാകാൻ പാടില്ല, മെയിൻ ഷോറൂമുകളിൽ നിന്നും സ്റ്റോക്ക് യാർഡിൽ നിന്നും വാഹനം ഓടിച്ചുകൊണ്ടുവരാനുള്ള ദൂരമാണ്. മിക്കവാറും ലോറികളിലാണ് ഈ തരത്തിലുള്ള ട്രാൻസ്പോർട്ടേഷനും ഇപ്പോൾ നടക്കുന്നത്.
എല്ലാ ഇലക്ടിക് ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതിൽ ഇൻഡിക്കേറ്റർ മുതൽ കണക്ടിവിറ്റി വരെ ഉൾപ്പെടും. ഫ്ലോർ മാറ്റ് വരെ പരിശോധിക്കണം.
വാഹനത്തിന്റെ എല്ലാ കാര്യങ്ങളുടെയും പ്രവർത്തനരീതി വീശദീകരിക്കേണ്ടത് സെയിൽസ് സ്റ്റാഫിന്റെ ചുമതലയാണ്. അത് ചെയ്തില്ലെങ്കിൽ ആവശ്യപ്പെടാം. സംശയങ്ങളെല്ലാം മടിയില്ലാതെ ചോദിക്കണം. വാഹനത്തിന്റെ ബ്രോഷറിൽ പറഞ്ഞിരിക്കുന്നതും നിങ്ങൾ ആവശ്യപ്പെട്ടതുമായ എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും വാഹനത്തിലുണ്ടെന്ന് ഉറപ്പുവരുത്തണം.
ഇവയൊക്കെ കൃത്യമാണെങ്കിൽ വളരെ പ്രധാനപ്പെട്ട കാര്യത്തിലേക്ക് കടക്കാം. വാഹനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എഞ്ചിൻ നമ്പറും ചേസിസ് നമ്പറും നിങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നതും കൃത്യമാണെന്ന് രണ്ട് പ്രാവശ്യമെങ്കിലും പരിശോധിച്ച് ഉറപ്പാക്കണം. വാഹനത്തിൽ എവിടെയാണ് ചേസിസ് നമ്പറും എഞ്ചിൻ നമ്പറും നൽകിയിരിക്കുന്നത് എന്ന കാണിച്ചു തരുവാൻ നിങ്ങൾക്ക് ആവശ്യപ്പെടാം.
ഷോറൂമിൽ നിന്ന് അത് പലതവണ ഉറപ്പാക്കിയതായിരിക്കും, എന്നിരുന്നാലും അതിൽ തെറ്റ് സംഭവിച്ചാൽ തിരുത്തുന്നത് അത്ര എളുപ്പമല്ല. പിന്നെ പരിശോധിക്കേണ്ടത് വാഹനത്തിന്റെ നിർമാണ തീയതി. കാർ വാങ്ങുന്നതിന് തൊട്ടടുത്ത മാസങ്ങളിൽ തന്നെയായിരിക്കണം വാഹനത്തിന്റെ നിർമാണ തീയതി. അല്ലെങ്കിൽ ഷോറും നിങ്ങളെ അത് അറിയിക്കണം. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രമേ ആ വാഹനം എടുക്കേണ്ടതുള്ളൂ. ഇത് അറിയാൻ വേണ്ടി കാർ നിർമാതാക്കളിൽ നിന്ന് ലഭിക്കുന്ന ഫോം 22 നിങ്ങൾക്ക് ആവശ്യപ്പെടാം.
നേരത്തെ ഇന്ത്യ വിട്ട കാർ കമ്പനിയായ ഫിയറ്റ് 18 മാസം മുമ്പ് നിർമിച്ച കാർ ഇന്ത്യയിൽ വിൽപ്പന നടത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതും കൂടെ ഉറപ്പാക്കിയ ശേഷം വാഹനത്തിന്റെ സർവീസ് സെന്റർ ഒന്ന് സന്ദർശിക്കുന്നത് നല്ലതാണ്. അപ്പോൾ അവിടെയുള്ള കാർ ഉടമകളിൽ നിന്ന ഒരു റിവ്യൂ ചോദിക്കുകയുമാകാം. ഇത്രയും ചെയ്തുകഴിഞ്ഞാൽ എല്ലാ രേഖകളും ഷോറൂമിൽ നിന്ന് ലഭിച്ചു എന്ന ഉറപ്പാക്കണം. എല്ലാ രേഖകളും വിശദമായി തന്നെ വായിച്ചു നോക്കണം.
- 1. ഇൻവോയിസ്- ഇൻവോയിസിൽ പറഞ്ഞരിക്കുന്ന ചേസിസ് നമ്പർ, എഞ്ചിൻ നമ്പർ കൃത്യമാണോ എന്ന് പരിശോധിക്കണം
- 2. സെയിൽസ് സർട്ടിഫിക്കറ്റ്
- 3. പേയ്മന്റ് റെസീപ്റ്റ്
- 4. താത്കാലിക ആർസി
- 5. ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്
- 6. മലീനീകരണ സർട്ടിഫിക്കറ്റ്
- 7. ഓണേർസ് മാനുവൽ
- 8. ഡ്യൂപ്ലിക്കേറ്റ് താക്കോൽ
- 9. ഡീലർഷിപ്പ് സ്റ്റാമ്പോട് കൂടിയ വാറന്റി സർ്ട്ടിഫിക്കറ്റ്
- 10. റോഡ് സൈഡ് അസിസ്റ്റൻസ് കോൺടാക്റ്റ് വിവരങ്ങൾ
- 11. അധിക വാറന്റി തിരഞ്ഞെടുത്തെങ്കിൽ അതിന്റ സർട്ടിഫിക്കറ്റ്
- 12. ബാറ്ററി, ടയർ തുടങ്ങിയ ഉപകരണങ്ങളുടെ വാറന്റി
- 13. ഫാസ്ടാഗ് റീച്ചാർജ്
കേരളത്തിൽ ഡീലർഷിപ്പ് തട്ടിപ്പുകൾ വിരളമാണ്. എല്ലാ കമ്പനികളും അതിൽ ശ്രദ്ധ പുലർത്താറുണ്ട്. എന്നിരുന്നാലും വാഹനം ഡെലിവറി സമയത്ത് ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുള്ളത് കൊണ്ട് അൽപ്പമൊന്ന് ശ്രദ്ധിക്കുക. എല്ലാം പെർഫക്ട് ആണെങ്കിൽ എല്ലാവർക്കും ഒരു നന്ദി പറഞ്ഞ് സന്തോഷത്തോടെ വണ്ടിയോടിച്ച് പോകുക.